ചെന്നൈക്ക് കിരീടം

മുംബൈ| WEBDUNIA|
PTI
PTI
മൂന്നാമത് ഐ പി എല്‍ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി. ശക്തരായ മുംബൈ ഇന്ത്യന്‍സിനെ 22 റണ്‍സിന് തോല്‍പിച്ചാണ് ധോണിയുടെ കുട്ടികള്‍ കിരീടം ഉയര്‍ത്തിയത്. ആദ്യ ഐ പി എല്ലില്‍ ഫൈനലില്‍ തോറ്റിരുന്ന ചെന്നൈയുടെ ആദ്യ കിരീടമാണിത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. എന്നാല്‍, ശക്തമായ ബാറ്റിംഗ് നിരയുള്ള മുംബൈ ഇന്ത്യന്‍സിന്റെ പോരാട്ടം ഒമ്പതു വിക്കറ്റിന് 146 റണ്‍സിലവസാനിച്ചു. പരിക്കുമായി കളിക്കാനിറങ്ങിയ സച്ചിന്‍ ടെണ്ടുല്‍കര്‍ (45 പന്തില്‍ ഏഴു ഫോറടക്കം 48) മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും വിജയം നേടാനായില്ല.

അഭിഷേക് നായര്‍ (27), അമ്പാടി റായിഡു (21), കീറോണ്‍ പൊള്ളാര്‍ഡ് (27) എന്നിവര്‍ മുംബൈ നിരയില്‍ ചെറുത്തുനിന്നെങ്കിലും മികച്ച ബൌളിങ്ങും ഫീല്‍ഡിങ്ങുമായി ചെന്നൈ വിജയിച്ചുകയറുകയായിരുന്നു. നിര്‍ണ്ണായക വിക്കറ്റുകള്‍ വിട്ടുക്കളഞ്ഞും വെടിക്കെട്ട് ബാറ്റിംഗ് നടത്താന്‍ മറക്കുകയും ചെയ്ത മുംബൈ താരങ്ങള്‍ കിരീടം നേടാനുള്ള അവസരം തുലക്കുകയായിരുന്നു.

ശിഖര്‍ ധവാന്‍ (പൂജ്യം), സൌരവ് തിവാരി (പൂജ്യം), ജെ പി ഡ്യുമിനി (ആറ്) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ചെന്നൈ ബൌളര്‍മാരില്‍ ശദാബ് ജകാതി രണ്ടു വിക്കറ്റെടുത്തപ്പോള്‍ ഡഗ് ബോലിംഗര്‍, മുത്തയ്യ മുരളീധരന്‍, ആല്‍ബി മോര്‍ക്കല്‍, സുരേഷ് റെയ്ന എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

നേരത്തേ, പുറത്താവാതെ 57 റണ്‍സടിച്ച റെയ്നയായിരുന്നു സൂപ്പര്‍ കിങ്സിന്റെ ടോപ്സ്കോറര്‍. റെയ്നയെ രണ്ടുവട്ടം കൈവിട്ട മുംബൈ ഫീല്‍ഡര്‍മാരും ചെന്നൈയുടെ സ്കോര്‍ ഉയരുന്നതില്‍ പങ്കുവഹിച്ചു. ആദ്യ വിക്കറ്റില്‍ മാത്യു ഹെയ്ഡനും മുരളി വിജയും 44 റണ്‍സ് ചേര്‍ത്തെങ്കിലും റണ്‍ശരാശരി ആറ് മാത്രമായിരുന്നു.

11 പന്തില്‍ രണ്ടു ബൌണ്ടറിയടക്കം 14 റണ്‍സെടുത്ത ബദരീനാഥും ഫെര്‍ണാണ്ടോയുടെ ഇരയായ ശേഷം ഒത്തുചേര്‍ന്ന റെയ്ന-ധോണി സഖ്യമാണ് ചെന്നൈയെ കരകയറ്റിയത്. ധോണി 15 പന്തില്‍ ഒരു സിക്സും രണ്ടു ഫോറുമടക്കമാണ് 22 റണ്‍സെടുത്തത്. ആല്‍ബി മോര്‍ക്കല്‍ 15 റണ്‍സെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :