ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ സസ്പെന്റ് ചെയ്യണമെന്ന് സുപ്രീംകോടതി

WEBDUNIA|
PRO
PRO
മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്ക്കറെ ബിസിസിഐ ഇടക്കാല അധ്യക്ഷനാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. ഐപിഎല്‍ വാതുവയ്‌പ് കേസില്‍ വെള്ളിയാഴ്ച സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

ഗവാസ്‌കറല്ലെങ്കില്‍ മറ്റൊരു മുതിര്‍ന്ന താരത്തെ ബിസിസിഐ ഇടക്കാല അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചു. വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളെ ഐപിഎല്ലില്‍ നിന്ന് സസ്പെന്റ് ചെയ്യണമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.

ഉപാധികളോടെ ബിസിസിഐ അധ്യക്ഷ സ്ഥാനമൊഴിയാമെന്ന് എന്‍ ശ്രീനിവാസന്‍ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. ചെന്നൈ ടീം ഉടമ കൂടിയായ ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇന്ത്യ സിമന്റ്‌സിലെ ജീവനക്കാര്‍ ആരും ബിസിസിഐ അംഗമാകരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ നാളെ മറുപടി നല്‍കാനും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുവേണ്ടി ഹരീഷ് സാല്‍വെ സുപ്രീംകോടതിയില്‍ വാദിച്ചു. ഐപിഎല്‍ ഒത്തുകളി കേസില്‍ വിചാരണയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.

വാതുവ‌യ്‌പുമായി ബന്ധപ്പെട്ടുള്ള മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ധോണിയുടെയും സുരേഷ് റെയ്നയുടെയും പേരുകള്‍ ഉണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ധോണി ആരോപണങ്ങള്‍ നിഷേധിച്ചു. മാധ്യമങ്ങളില്‍ അത്തരം പരാമര്‍ശങ്ങള്‍ വരുന്നത് തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു. ധോണിയുടെ ഹര്‍ജി പരിഗണിച്ച കോടതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹരീഷ് സാല്‍വെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുളള ഇന്ത്യന്‍ സിമന്റിന്റെ വൈസ് പ്രസിഡന്റാണ് ധോണി. ഗുരുനാഥ് മെയ്യപ്പനെതിരെ ധോണി തെറ്റായ മൊഴി നല്‍കിയത് ഇതിനാലാണെന്നും ഹരീഷ് സാല്‍‌വെ കോടതിയില്‍ വാദിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :