സിഡ്നി|
WEBDUNIA|
Last Modified ബുധന്‍, 4 ജനുവരി 2012 (18:51 IST)
സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യക്കെതിരെ ഓസ്ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്കിന് ഡബിള്‍ സെഞ്ച്വറി. രണ്ടാം ദിവസം മത്സരം നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 482 റണ്‍സ് എടുത്തിട്ടുണ്ട്. 251 റണ്‍സുമായി ക്ലാര്‍ക്കും 55 റണ്‍സുമായി ഹസ്സിയുമാണ് ക്രീസില്‍. ഒരു സിക്സറും 31 ബൌണ്ടറിയുള്‍പ്പടെയാണ് ക്ലാര്‍ക്ക് 251 എടുത്തിരിക്കുന്നത്. ഓസ്ട്രേലിയക്ക് ഇപ്പോള്‍ 291 റണ്‍സിന്റെ ലീഡ് ആണ് ഉള്ളത്.
മൂന്നിന് 116 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ ഇന്ന് ബാറ്റിംഗ് പുന:രാരംഭിച്ചത്. ക്ലാര്‍ക്കിന്റെയും പോണ്ടിംഗിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് എത്തിയത്. 134 റണ്‍സെടുത്തതിന് ശേഷമാണ് പോണ്ടിംഗ് പുറത്തായത്. ഇഷാന്ത് ശര്‍മ്മയാണ് പോണ്ടിംഗിനെ പുറത്താക്കിയത്.
പോണ്ടിംഗിന്റെ നാല്‍പതാം ടെസ്റ്റ് സെഞ്ചുറിയാണ്‍ ഇന്നത്തേത്. 2010 ജനുവരിയില്‍ പാകിസ്ഥാനെതിരെ നേടിയ ഇരട്ട സെഞ്ചുറിക്കു ശേഷം (209) പോണ്ടിങ് ഫോം കണ്ടെത്താന്‍ വിഷമിക്കുകയായിരുന്നു. പോണ്ടിംഗ് വിരമിക്കണമെന്ന് ആവശ്യമുയരുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി കൂടിയായി ഇന്നത്തെ സെഞ്ച്വറി.
സിഡ്നി ടെസ്റ്റില്‍ ടീം ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ പേസ് ബൌളര്‍ സഹീര്‍ ഖാന്‍ തുടക്കത്തില്‍ ഞെട്ടിച്ചു. സ്കോര്‍ബോര്‍ഡില്‍ വെറും എട്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ വാര്‍ണറെയും(എട്ട്) സഹീര്‍ മടക്കിയയയച്ചു. ആദ്യ ഓവറിലെ അവസാന പന്തില്‍ വാര്‍ണറെ സഹീര്‍ ഖാന്‍ സച്ചിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
മൂന്നാം ഓവറിലെ ആദ്യ ഓവറില്‍ ഷോണ്‍ മാര്‍ഷിനെയും (0) സഹീര്‍ ഖാന്‍ പവലിയനിലെത്തിച്ചു. സഹീറിന്റെ പന്തില്‍ വി വി എസ് ലക്ഷ്മണ്‍ മാര്‍ഷിനെ പിടിച്ചുപുറത്താക്കുകയായിരുന്നു. ഒമ്പതാം ഓവറിലെ അഞ്ചാം പന്തില്‍ കോവനെ (16) സഹീര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. കോവന്‍ പുറത്താകുമ്പോള്‍ ഓസീസിന്റെ മൊത്തം സ്കോര്‍ 37 റണ്‍സായിരുന്നു.
എന്നാല്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് പോണ്ടിംഗും (44) ക്ലാര്‍ക്കും (47) ചേര്‍ന്ന് ഓസീസിനെ കരകയറ്റി. ഒന്നാം ദിവസം മത്സരം അവസാനിപ്പിക്കുമ്പോള്‍ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് എന്ന നിലയിലായിരുന്നു.
ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 191 റണ്‍സിന് പുറത്തായിരുന്നു. 57 റണ്‍സ് നേടി പുറത്താകാതെ നിന്ന നായകന്‍ ധോണിയാണ് ടീം ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
ടോസ് നേടിയ ടീം ഇന്ത്യ ആദ്യം ബാറ്റിംഗിനിറങ്ങുകയായിരുന്നു. ഓപ്പണര്‍ ഗംഭീറിന് റണ്‍സ് ഒന്നും എടുക്കാനായില്ല. വീരേന്ദ്ര സെവാഗ് 30 റണ്‍സ് എടുത്ത് പുറത്തായി. ദ്രാവിഡിന് അഞ്ചും ലക്ഷ്മണന് രണ്ടും റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ.
നൂറാം സെഞ്ച്വറി ലക്‍ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ സച്ചിന്‍ 41 റണ്‍സിന് പുറത്തായി. 89 പന്തുകളില്‍ നിന്ന് എട്ട് ബൌണ്ടറികള്‍ ഉള്‍പ്പടെയാണ് സച്ചിന്‍ ഈ സ്കോറിലെത്തിയത്. പാറ്റിന്‍സണിനാണ് സച്ചിന്റെ വിക്കറ്റ്. പാറ്റിന്‍സണ്‍ മൊത്തം നാല് വിക്കറ്റുകള്‍ എടുത്തു.