കിംഗ്സ് ഇലവന്‍ പഞ്ചാബും കോടതിയിലേക്ക്

ലണ്ടന്‍| WEBDUNIA| Last Modified ശനി, 30 ഒക്‌ടോബര്‍ 2010 (11:06 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമായിരുന്ന കിംഗ്സ് ഇലവന്‍ പഞ്ചാബും കോടതി കയറുന്നു. ഐ പി എല്‍ നാലാം സീസണില്‍ നിന്ന് ഒഴിവാക്കിയ ബി സി സി ഐ നടപടി ചോദ്യം ചെയ്താണ് പഞ്ചാബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്. നേരത്തെ രാജസ്ഥാന്‍ റോയല്‍‌സും ബി സി സി ഐക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

ഇത്തരമൊരു നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീം ഉടമയായ ബോളിവുഡ് നടി അറിയിച്ചു. ഒക്ടോബര്‍ പത്തിനാണ് രാജസ്ഥാന്‍ റോയല്‍‌സിനെയും പഞ്ചാബിനെയും നാലാം സീസണില്‍ നിന്ന് പുറത്താക്കിയതായി ബി സി സി ഐ അറിയിച്ചത്. ഓഹരി ഉടമകളുടെ വിവരങ്ങള്‍ സംബന്ധിച്ച് വ്യക്തത നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ടീമുകളെ വിലക്കിയത്.

തര്‍ക്കം നിയമ യുദ്ധത്തിലേക്ക്‌ നീങ്ങിയാല്‍ അത്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ നാലാം സീസണെ ബാധിച്ചേക്കുമെന്നാണ്‌ സൂചന. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചു എന്നാരോപിച്ച്‌ രാജസ്ഥാന്‍ റോയല്‍സ്‌ ടീമിന്റെ അംഗീകാരം റദ്ദാക്കിയ നടപടി ചോദ്യം ചെയ്‌താണ്‌ ബി സി സി ഐക്കെതിരെ ഉടമകള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്‌.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ഭരണസമിതിയുടെ അനുമതിയില്ലാതെ ടീമിന്റെ ഓഹരി ഘടനയില്‍ മാറ്റം വരുത്തിയെന്നും വിദേശ നിക്ഷേപം സ്വീകരിച്ചു എന്നുമുള്ള ആരോപണങ്ങള്‍ തെറ്റാണെന്നാണ്‌ രാജസ്ഥാന്‍ റോയല്‍സിന്റെ വാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :