ഐപിഎല്‍: ഇന്ന് കലാശപ്പോര്

മുംബൈ| WEBDUNIA|
PRO
ഐ പി എല്‍ മൂന്നാം സീസണ് ഇന്ന് കലാശക്കൊട്ട്. സച്ചിന്റെ മുംബൈ ഇന്ത്യന്‍സ്‌, ധോണിയുടെ സൂപ്പര്‍ കിംഗ്സുമായി ഇന്ന് കലാശപ്പോരിനിറങ്ങുമ്പോള്‍ കൈവിരലിന് പരുക്കറ്റ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളത്തിലിറങ്ങുമോ എന്നതാണ് ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. രാത്രി എട്ടിന്‌ മുംബൈയിലാണ്‌ മല്‍സരം. ഇന്ന് ആരു ജയിച്ചാലും ഐ പി എല്ലില്‍ കപ്പുയര്‍ത്തുന്ന ആദ്യ ഇന്ത്യന്‍ നായകനാവും.

ആധികാരികമായ പ്രകടനത്തോടെയാണ് സച്ചിന്‍റെ മുംബൈ ഇന്ത്യന്‍സ് ഫൈനലിലെത്തിയതെങ്കില്‍ ശരിയായ സമയത്ത് ഫോമിലേക്ക് ഉയര്‍ന്നാണ് ധോണിപ്പട ഫൈനലിലെത്തിയത്. ലീഗിലെ പതിനാലില്‍ പത്തിലും ജയം മുംബൈയ്ക്കൊപ്പം നിന്നപ്പോള്‍ ലീഗില്‍ ഏഴു മത്സരങ്ങള്‍ മാത്രം ജയിച്ച് റണ്‍ റേറ്റിന്‍റെ പിന്‍‌ബലത്തിലാണ് ചെന്നൈ സെമി കണ്ടത്.

സെമിയില്‍ മുംബൈ ഇന്ത്യന്‍സ്‌ 35 റണ്‍സിന്‌ റോയല്‍ ചലഞ്ചേഴ്സിനെ കീഴടക്കിയപ്പോള്‍ സൂപ്പര്‍ കിംഗ്‌സ് ഡെക്കാന്‍ചാര്‍ജേഴ്സിനെ 38 റണ്‍സിന്‌ തോല്‍പിച്ചു. മൂന്നാം സീസണില്‍ ഇരു ടീമും രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ ജയം ഓരോതവണ പങ്കിട്ടു. ഐ പി എല്ലില്‍ ആകെ ആറുതവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നു തവണവീതം ജയം പങ്കിട്ടു.

അതിനാല്‍ ഫൈനലില്‍ ഇരു ടീമിനും തുല്യ സാധ്യതായാണുള്‍ലതെന്ന് ക്രിക്കറ്റ് വിദഗ്ദര്‍ കരുതുന്നു. ഇന്നലെ മൂന്നാം സ്ഥാനത്തിനുവേണ്ടി നടന്ന മത്സരത്തില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെ ഒമ്പത് വിക്കറ്റിന് കീഴടക്കി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മൂന്നാം സ്ഥാനവും ചാമ്പ്യന്‍സ് ലീഗിന് യോഗ്യതയും നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :