ഐ പി എല്‍ താരലേലത്തില്‍ നിന്ന് പാക് താരങ്ങളെ ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ വിദ്വേഷത്തിന്റെ അന്തരീക്ഷത്തിന് അയവ് വന്നതായി സൂചന. ഐ പി എല്ലില്‍ പങ്കെടുക്കാന്‍ പാക് താരങ്ങള്‍ക്ക് ഇനിയും അവസരമുണ്ടെന്ന ലളിത് മോഡിയുടെ പ്രസ്താവന ഇതിന്റെ സൂചനയാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഐ പി എല്ലില്‍ നിന്നൊഴിവാക്കിയതിനെ മറക്കാനും പൊറുക്കാനും ആഗ്രഹിക്കുകയാണെന്ന് പാകിസ്ഥാന് ട്വന്റി-20 നായകന് ഷാഹിദ് അഫ്രീദിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഐ പി എല്ലില്‍ നിന്ന് പാക് താരങ്ങളെ ഒഴിവാക്കിയത് നിര്‍ഭാഗ്യകരമായി പോയെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിലപാടില്‍ അയവ് വരുത്തിക്കൊണ്ട് ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോഡി രംഗത്തുവന്നത്.
ഐ പി എല്‍ ടീമുകളില്‍ ഏതാനും കളിക്കാര്‍ക്ക് കൂടി അവസരമുണ്ടെന്നും പാക് താരങ്ങള്‍ക്ക് ഇനിയും ഐ പി എല്ലില്‍ കളിക്കാന്‍ കഴിയുമെന്നുമായിരുന്നു മോഡിയുടെ പ്രസ്താവന. ചില ടീമുകള്‍ അവര്‍ക്കാവശ്യമായ കളിക്കാരെ തികച്ചിട്ടില്ലെന്നും മോഡി വ്യക്തമാക്കിയത് പാക് താരങ്ങള്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കുന്നുണ്ട്.
അതിനിടെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പിന്മാറുമെന്ന് ചില പാക് താരങ്ങള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന ഐ പി എല്‍ താരലേലത്തില്‍ 12 പാക് താരങ്ങളാണ് പങ്കെടുത്തത്. എന്നാല്‍ ഒറ്റ താരത്തെപ്പോലും ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയില്ല.