ഐ പി എല്‍: ധോനി വില കൂടിയ താരം

PROPRO
പണമൊഴുക്കിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ വാര്‍ത്ത സൃഷ്ടിക്കുന്നത് ഐ ടി രംഗമോ ഓഹരി വിപണിയോ ഒന്നുമല്ല. ഇന്ത്യയില്‍ ഒരു മതം തന്നെയായി മാറിയിരിക്കുന്ന ക്രിക്കറ്റാണ്. പണമിറക്കി പണം കൊയ്യാനൊരുങ്ങുന്ന ഇന്ത്യയിലെ ക്രിക്കറ്റിലേക്ക് പണമെറിയുകയാണ് വ്യവാസായിക രംഗവും വിനോദ രംഗവുമെല്ലാം.

ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ വിജയം കൊയ്യാന്‍ മികച്ച താരങ്ങളെ അണിയറയില്‍ എത്തിക്കാന്‍ മത്സരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖരായ സ്ഥാപനങ്ങള്‍. ബി സി സി ഐ യുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന പ്രീമിയര്‍ ലീഗിലേക്ക് പ്രധാന കളിക്കാരുടെ ലേലം ഏതാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോനി ലേലത്തിലെ ഏറ്റവും വിലപിടിച്ച താരമായി മാറി.

പ്രീമിയര്‍ ലീഗില്‍ ലേലത്തിനു വച്ച ഏക ഐക്കണ്‍ പ്ലേയറായ ധോനിയെ ആറ് കോടി രൂപ മുടക്കി സ്വന്തമാക്കിയ ഇന്ത്യാ സിമെന്‍റ്സാണ് ഏറ്റവും പണമെറിഞ്ഞവരിലെ മുമ്പന്‍. മുംബൈയിലെ ഒബറോയി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ലേലത്തില്‍ 1.5 ദശലക്ഷം ഡോളര്‍ മുടക്കി ചെന്നൈ ടീമില്‍ ഇന്ത്യാ സിമെന്‍റ്സ് എത്തിച്ചു. ട്വന്‍റി, ഏകദിന നായകന് പിന്നാലെ ശ്രീലങ്കയുടെ ടെസ്റ്റ് വിക്കറ്റ് ടേക്കര്‍ മുരളീധരനെ 2.4 കോടി രൂപയ്‌ക്കും കൂടാരത്തില്‍ എത്തിക്കാന്‍ അവര്‍ക്കായി. മലയാളി താരം ശ്രീശാന്തിനെ സ്വന്തമാക്കിയത് പ്രീതി സിന്‍റയുടെ മൊഹാലി ടീമാണ്.6,25000 ഡോളറിനാണ് ശ്രീയെ പ്രീതി സ്വന്തമാക്കിയത്.

ലേലത്തില്‍ ഏറ്റവും വില കൂടിയ രണ്ടാമത്തെ താരം ഓസ്ട്രേലിയയുടെ മാച്ച് വിന്നറായ ഓള്‍ റൌണ്ടര്‍ ആന്‍ഡ്രൂ സൈമണ്‍സിനായി ഹൈദരാബാദ് നല്‍കിയത് 5.4 കോടിയായിരുന്നു. ഹര്‍ഭജനുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ ഇന്ത്യയില്‍ ഏറെ പ്രശ്സ്തനാണ് സൈമണ്‍സ്. ആദ്യം ലേലം ചെയ്ത താരമായ വിരമിച്ച സ്പിന്‍ മാന്ത്രികന്‍ ഷെയിന്‍ വോണിനെ സ്വന്തമാക്കിയത് ജയ്‌‌പൂരായിരുന്നു. വോണിനായി 1.8 കോടി മുടക്കിയ അവര്‍ തന്നെ ആദം ഗില്‍ ക്രിസ്റ്റിനെ 2.8 കോടി നല്‍കി സ്വന്തം വിക്കറ്റിനു പിന്നിലെത്തിച്ചു.

കരുത്തരായ താരങ്ങളെ സ്വന്തമാക്കാനുള്ള ഫ്രാഞ്ചസികളുടെ പണ സഞ്ചിയുടെ വലിപ്പം ബി സി സി ഐയെ പോലും ഞെട്ടിച്ചതായിട്ടാണ് വാര്‍ത്തകള്‍. സ്വന്തം ടീമായ കൊല്‍ക്കത്തയുടെ നായകനായി ഗാംഗുലിയെ തീരുമാനിച്ച ഷാരൂഖിന്‍റെ റെഡ് ചിലി പാകിസ്ഥാന്‍ സ്പീഡ് ബൌളര്‍ ഷൊയബ് അക്തറിനെയും ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനെയും സ്വന്തമാക്കി. അക്തറിനായി 1.82 കോടി മുടക്കിയ ഷാരൂഖ് പോണ്ടിംഗിനായി എറിഞ്ഞത് 1 കോടിയായിരുന്നു.

ശ്രീലങ്കന്‍ നായകന്‍ മഹേള ജയവര്‍ദ്ധനെയേയും കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ സംഗക്കാരയേയും പ്രീതി സിന്‍റയുടെ മൊഹാലിയാണ് വാങ്ങിയത്. 1.9 കോടി ജയവര്‍ദ്ധനെയ്‌ക്ക് നല്‍കിയ പ്രീതിയും കൂട്ടുകാരന്‍ നെസ്‌‌വാഡിയയും സംഗക്കാരയെ പിടിച്ചത് 2.8 കോടിക്കായിരുന്നു. അതേ സമയം ലങ്കയുടെ സൂര്യന്‍ ജയസൂര്യയെ സച്ചിന്‍ നായകനാകുന്ന മുംബൈ ടീമിലേക്ക് റിലയന്‍‌സ് വാങ്ങിയത് 3.9 കോടി രൂപയ്‌ക്കായിരുന്നു.

അവര്‍ തന്നെ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജനെ 3.4 കോടിക്ക് സ്വന്തമാക്കി. വിജയ് മല്യയുടെ ബാംഗ്ലൂര്‍ ടീമിലാണ് ടെസ്റ്റ് നായകന്‍ അനില്‍ കുംബ്ലേ. 2 കോടി മുടക്കിയാണ് രാഹുല്‍ ദ്രാവിഡിനൊപ്പം അനിലിനെ മല്യ എത്തിച്ചത്. അതേസമയം ഓസ്ട്രേലിയയ്‌ക്ക് മൂന്ന് തവണ ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണയക സ്ഥാനം വഹിച്ച മക്‍ഗ്രാത്തിനെയോ പാകിസ്ഥാന്‍റെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ മൊഹമ്മദ് യൂസുഫിനെയോ ആരും പിടിച്ചില്ല.

ന്യൂഡല്‍‌ഹി: | WEBDUNIA| Last Modified ബുധന്‍, 20 ഫെബ്രുവരി 2008 (19:17 IST)
മൊത്തം 78 കളിക്കാരെയാണ് ലേലത്തിനു വച്ചതില്‍ ബാക്കി കളിക്കാരെ 11 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുക്കും.ലേലത്തില്‍ 160 കോടി രൂപയെങ്കിലും ഒഴുകുമെന്നാണ് കണക്കാക്കുന്നത്. 13. 2 കോടിയാണ് മിനിമം തുക. കൂടുതല്‍ 20 കോടിയും. ഏപ്രില്‍ 18 നു തുടങ്ങുന്ന 44 ദിന മത്സരങ്ങള്‍ക്കായ് മൂന്ന് വര്‍ഷത്തെ കരാറാണ് താരങ്ങള്‍ക്ക് മൊത്തം 59 മത്സരങ്ങളും നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :