ഇന്ത്യയ്ക്ക് ശ്രീലങ്കയോട് 161 റണ്‍സിന്റെ വമ്പന്‍ തോല്‍വി

കിംഗ്സ്റ്റണ്‍| WEBDUNIA|
PTI
PTI
ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യയ്ക്ക് ശ്രീലങ്കയോട് 161 റണ്‍സിന്റെ വമ്പന്‍ തോല്‍വി. പരിക്കേറ്റ ധോണിക്ക് പകരം വിരാട് കൊഹ്‌ലിയാണ് ഇന്ത്യയെ നയിച്ചത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യന്‍ പ്രതീക്ഷകള്‍ തെറ്റിച്ചതുകൊണ്ട് മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയ ലങ്ക നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സെടുത്തു.

ഓപ്പണര്‍മാരായ ഉപുല്‍ തരംഗ(174)യുടെയും ജയവര്‍ധന(107)യുടെയും സെഞ്ച്വറി പ്രകടനമാണ് ലങ്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. 119 പന്തില്‍ 19 ബൗണ്ടറികളുടെയും 3 സിക്‌സറുകളുമായി ഉപുല്‍ തരംഗ 174 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത മാത്യൂസും ലങ്കയുടെ സ്‌കോര്‍ ഉയര്‍ത്തി. 29 പന്ത് നേരിട്ട മാത്യൂസ് 44 റണ്‍സെടുത്തു.

ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 44.5 ഓവറില്‍ 187 റണ്‍സിന് ഓള്‍ഔട്ടായി. തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ്മയെ(5) നഷ്ടപ്പെട്ടെങ്കിലും ധവാനും മുരളി വിജയും ചേര്‍ന്ന് പതുക്കെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ധവാനെ പുറത്താക്കി ഹെറാത്താണ് കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരുന്നു. റെയ്‌നയും(33) ജഡേജയും(49) രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും റെയ്‌ന റണ്‍ഔട്ടായി. 5 ഇന്ത്യന്‍ താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്.

ഭുവനേശ്വര്‍ കുമാറിന് പകരം ഷാമി അഹമ്മദിനെ ടീമിലുള്‍പ്പെടുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഇന്ത്യ ബൗളര്‍മാര്‍ ദയനീയമായി പരാജയപ്പെട്ട കാഴചയാണ് ഇന്നലെ കണ്ടത്. 7 ബൗളര്‍മാരെ കൊഹ്‌ലി മാറി മാറി പരീക്ഷിച്ചെങ്കിലും ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. 10 ഓവര്‍ എറിഞ്ഞ് 67 റണ്‍സ് വിട്ടുകൊടുത്ത അശ്വിനാണ് ജയവര്‍ധനയുടെ വിക്കറ്റ്. ഇന്ത്യന്‍ ബൗളര്‍മാര്‍ എക്‌സ്ട്രാസ് ആയി നല്‍കിയത് 23 റണ്‍സാണ്.

ശ്രീലങ്കയ്ക്ക് വേണ്ടി ഹെറാത്ത് മൂന്നു വിക്കറ്റും സേനാനായകെ മലിംഗ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :