ഇന്ത്യന്‍ പേസില്‍ ഇംഗ്ലണ്ട് വീണു

നോട്ടിങ്ങാം| WEBDUNIA|
PRO
PRO
ട്രെന്റ് ബ്രിഡ്ജില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 221 റണ്‍സിന് പുറത്ത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ശ്രീശാന്ത് ഇഷാന്ത് ശര്‍മ, പ്രവീണ്‍കുമാര്‍ എന്നിവരുടെ മികച്ച പ്രകടനത്തിന്റെ പിന്‍‌ബലത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ ചെറിയ സ്കോറില്‍ പുറത്താക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയിലാണ്. അഭിനവ് മുകുന്ദിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. ഗംഭീറിനുപകരം ഓപ്പണറായി നിയോഗിക്കപ്പെട്ട രാഹുല്‍ ദ്രാവിഡും (7) വി വി എസ് ലക്ഷ്മണു(13)മാണ് ക്രീസില്‍.

തുടരെ രണ്ടാം ടെസ്റ്റിലും ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവയ്ക്കുന്ന വിധത്തില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൌളര്‍മാര്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍‌മാരെ വരിഞ്ഞുകെട്ടി. അലസ്റ്റര്‍ കുക്കിനെ(2) വിക്കറ്റിനു മുന്നില്‍ കുടുക്കി ഇഷാന്താണ് ആദ്യ വിക്കറ്റ് നേടിയത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ച ജോനാഥന്‍ ട്രോട്ടിനെ(4) തന്റെ ആദ്യ ഓവറില്‍ പുറത്താക്കിയാണ് ശ്രീശാന്ത് വരവറിയിച്ചത്.

ലഞ്ചിനു മുമ്പ് രണ്ടും ലഞ്ചിനും ചായക്കുമിടെ ആറും വിക്കറ്റുകളാണ് സന്ദര്‍ശകര്‍ വീഴ്ത്തിയത്. ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ എട്ടിന് 124 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാല്‍ സ്റ്റ്യൂവര്‍ട്ട് ബ്രോഡിന്റെ(64) അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തിലൂടെ ഇംഗ്ലണ്ട് നാണക്കേടില്‍ രക്ഷ നേടുകയായിരുന്നു. ഒമ്പതാം വിക്കറ്റില്‍ ബ്രോഡും സ്വാനും ചേര്‍ന്നെടുത്ത 73 റണ്‍സാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്.

ട്രോട്ടിന് പുറമെ കെവിന്‍ പീറ്റേഴ്സനെയും ഒരു റണ്ണെടുത്ത പ്രയറിനെയും ശ്രീശാന്ത് പുറത്താക്കി. കുക്കിനു പുറമെ 11 റണ്‍സെടുത്ത ബ്രസ്നനെയും 31 റണ്‍സെടുത്ത ഇയാന്‍ ബെല്ലിനെയും ഇഷാന്ത് ശര്‍മ വീഴ്ത്തി. 32 റണ്‍സെടുത്ത സ്ട്രോസിനെയും റണ്ണൊന്നും എടുക്കും മുന്‍പേ മോര്‍ഗനെയും 28 റണ്‍സെടുത്ത സ്വാനെയും പ്രവീണ്‍ കുമാര്‍ പുറത്താക്കി. ബ്രോഡിനെ പുറത്താക്കിയത് ഹര്‍ഭജന്‍ സിംഗാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :