ഇന്ത്യ ജയത്തോടെ തുടങ്ങി

ദാംബുള്ള| WEBDUNIA| Last Modified ബുധന്‍, 28 ജനുവരി 2009 (18:00 IST)
ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിന മത്‌സരത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്‍റെ അനായാസ ജയം. ശ്രീലങ്ക നേടിയ 246 റണ്‍സ് 1 ഓവറും അഞ്ച് പന്തും ബാക്കി നില്‍ക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് ഏകദിന മത്‌സര പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ശ്രീലങ്കയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ സനത് ജയസൂര്യയാണ് കളിയിലെ കേമന്‍.

വിഖ്യാതമായ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളി അല്ലാത്ത ശ്രീലങ്കയുടെ സ്കോര്‍ വളരെ സാവധാനത്തിലാണ് ഇന്ത്യ പിന്തുടര്‍ന്നത്. ഇന്ത്യന്‍ സ്കോര്‍ 13 ല്‍ ആയിരിക്കുമ്പോള്‍ 5 റണ്‍സെടുത്ത സച്ചിനെ നഷ്‌ടമായെങ്കിലും രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ റെയ്നയും ഗൌതം ഗംഭീറും ചേര്‍ന്ന് ഇന്ത്യന്‍ നില മെച്ചപ്പെടുത്തുകയായിരുന്നു.

ഓപ്പണര്‍ ഗംഭീര്‍ 68 പന്തില്‍ 62 റണ്‍സും റെയ്‌ന 71 പന്തില്‍ 54 റണ്‍സും നേടി. ഗംഭീറിന്‍റെയും റെയ്നയുടെയും വിക്കറ്റുകള്‍ തുരുതുരെ നഷ്‌ടപ്പെട്ടെങ്കിലും പിന്നീട് ചേര്‍ന്ന യുവരാജ് സിങ് (23) മത്‌സരത്തെ വിജയത്തിലേക്ക് എത്തിക്കാന്‍ ക്യാപ്റ്റന്‍റെ ഇന്നിംഗ്‌സ് കളിച്ച ധോണി (65 പന്തില്‍ 61 നോട്ടൌട്ട്) എന്നിവരും ഇന്ത്യന്‍ വിജയം സുനിശ്ചിതമാക്കുകയായിരുന്നു. 25 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റോഹിത് ശര്‍മ്മ ധോണിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.

ശ്രീലങ്കയ്ക്ക് വേണ്ടി തുഷാര, മെഹറൂഫ്, മുരളിധരന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മികച്ച ബൌളിംഗ് പ്രകടനം കാഴ്ച വച്ചെങ്കിലും മെന്‍ഡീസിന് വിക്കറ്റൊന്നും നേടാനായില്ല. ഇന്ത്യയുടെ തുടര്‍ച്ചയായ ആറാമത്തെ ഏകദിന വിജയമാണിത്. ഇതിന് മുമ്പ് ഇംഗ്ലണ്ടുമായി നടന്ന ഏകദിനത്തില്‍ അഞ്ച് മത്‌സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :