ആദ്യ വിജയം ലങ്കയ്ക്ക്

ജൊഹാന്നാസ്ബര്‍ഗ്‌| WEBDUNIA|
PRO
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ലെ ആദ്യ ജയം ശ്രീലങ്ക സ്വന്തമാക്കി. തിലകരത്ന ദില്‍‌ഷന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും സംഗക്കാരയുടെയും ജയവര്‍ദ്ധനയുടെയും അര്‍ദ്ധസെഞ്ച്വറികളുടെയും ബലത്തിലാണ് ലങ്ക ടൂര്‍ണ്ണമെന്‍റിലെ കന്നിജയം സ്വന്തമാക്കിയത്. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 55 റണ്‍സിനാണ് ലങ്ക ആതിഥേയര്‍ക്ക് മേല്‍ വിജയം നേടിയത്.

ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനുള്ള ദക്ഷിണാഫ്രിക്കയുടെ തീരുമാനം ലങ്കന്‍ ബാറ്റ്സ്മാന്‍‌മാര്‍ ശരിക്കും പ്രയോജനപ്പെടുത്തി. 10 റണ്‍സ് എടുത്ത് ജയസൂര്യ ആദ്യമേ കീഴടങ്ങിയെങ്കിലും ലങ്ക പതറിയില്ല. ജയസൂര്യയെ സ്റ്റെയ്ന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി പറഞ്ഞയയ്ക്കുകയായിരുന്നു.

ഒരു സൈഡില്‍ ദക്ഷിണാഫ്രിക്കന്‍ തന്ത്രങ്ങളെ കൌശലത്തോടെ തരണം ചെയ്ത് നിലയുറപ്പിച്ച ദില്‍‌ഷന്‍ 92 പന്തുകളില്‍ നിന്നാണ് 106 റണ്‍സ് എടുത്തത്. 16 ഫോറുകളും ഒരു സിക്സറും അടങ്ങുന്നതാണ് ദില്‍‌ഷന്‍റെ ഇന്നിംഗ്സ്. ജയസൂര്യയ്ക്ക് പകരമെത്തിയ സംഗക്കാരയും (74 പന്തില്‍ നിന്ന് 54) തുടര്‍ന്നിറങ്ങിയ ജയവര്‍ദ്ധനയും (61 പന്തില്‍ നിന്ന് 77) ലങ്കയുടെ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്നു. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സിനാണ് ലങ്ക ബാറ്റിംഗ് അവസാനിപ്പിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സ്റ്റെയ്നും പാര്‍ണെലും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മെന്‍ഡിസും മലിംഗയുമാണ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയത്. ഓപ്പണര്‍ ഹാഷിം ആം‌ലയുടെ വിക്കറ്റ് ആദ്യമേ നഷ്ടമായെങ്കിലും സ്മിത്തും കാലിസും ക്രീസില്‍ ഒത്തുചേര്‍ന്നതോടെ ദക്ഷിണാഫ്രിക്കയ്ക്ക് പുതുജീവനായി.

ദക്ഷിണാ‍ഫ്രിക്കന്‍ സ്കോര്‍ ഒരു വിക്കറ്റിന് 90 ലെത്തി നില്‍ക്കുമ്പോഴായിരുന്നു മെന്‍ഡിന്‍റെ വരവ്. പതിന്നാലാം ഓവറിലെ ആദ്യപന്തില്‍ തന്നെ മെന്‍ഡിസ് സ്മിത്തിനെ പുറത്താക്കി. ബാറ്റിനും പാഡിനും ഇടയിലൂടെ കടന്ന പന്ത് സ്മിത്തിന്‍റെ പാഡില്‍ തട്ടി ഉന്നം പിഴയ്ക്കാതെ ലെഗ് സ്റ്റമ്പിലെത്തുകയായിരുന്നു. 44 പന്തില്‍ നിന്ന് 58 റണ്‍സായിരുന്നു സ്മിത്തിന്‍റെ സ്കോര്‍. ഡി വില്ലിയേഴ്സ് ആയിരുന്നു സ്മിത്തിന് പകരമെത്തിയത്.

ഇരുപതാം ഓവറില്‍ മെന്‍ഡിസ് ലങ്കയ്ക്ക് വീണ്ടും രക്ഷകനായി എത്തി. കാലിസിനെയും (48 പന്തില്‍ നിന്ന് 41) പകരമെത്തിയ ഡൂം‌മ്നിയെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിക്കൊണ്ടായിരുന്നു മെന്‍ഡിസിന്‍റെ പ്രകടനം. തുടര്‍ന്ന് മലിംഗ ഡി വില്ലിയേഴ്സിനെയും പുറത്താക്കി. അപ്പോഴേക്കും ദക്ഷിണാ‍ഫ്രിക്ക റണ്‍ റേറ്റില്‍ ഏറെ പിന്നോക്കം പോയിരുന്നു. ചെറുത്തുനില്‍‌പിന്‍റെ ല‌ക്ഷണങ്ങള്‍ കാണിച്ച ബൌച്ചറെ (29 പന്തില്‍ നിന്ന് 26) മാത്യൂസും ബോതയെ ( 20 പന്തില്‍ നിന്ന് 21) മലിംഗയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക ഏതാണ്ട് പരാജയം രുചിച്ചുതുടങ്ങി.

മുപ്പത്തിയേഴാം ഓവറിലാണ് മഴയെത്തിയത്. 29 റണ്‍സുമായി മോര്‍ക്കലും 3 റണ്‍സുമായി മെര്‍വ്വെയുമായിരുന്നു ക്രീസില്‍. 7 വിക്കറ്റ് നഷ്ടത്തില്‍ 206 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക അപ്പോള്‍. തുടര്‍ന്ന് ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലങ്ക 55 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :