ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനെതിരെ ഉന്നയിച്ചിരിക്കുന്ന അഴിമതിയും പക്ഷപാതിത്വവും അന്വേഷിച്ച സംഘത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് സമര്‍പ്പിക്കും. പരാതിക്കാര്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളൊന്നും തന്നെ മുഖവിലക്കെടുക്കേണ്ടതില്ല എന്നാണ് സംഘത്തിന്റെ നിഗമനം എന്നറിയുന്നു.
മുതലക്കോടം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ടുപയോഗിച്ച് നിര്‍മിച്ച ഇന്‍ഡോര്‍ പരിശീലന സംവിധാനത്തിന്റെ നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു പ്രധാന ആരോപണം. ക്ലബ്ബുകള്‍ക്ക് അംഗീകാരം നല്കാന് ഇടുക്കി ജില്ലാ അസോസിയേഷന് തയ്യാറാകുന്നില്ലെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. അബ്ബാസ് കണ്ടത്തിന്‍കരയും രൂപേഷ് കുമാറുമാണ് ഈ പരാതികളുമായി തൃശ്ശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്.
ഇതിനിടെ, പ്രതികളുടെ ഭാഗത്തുനിന്നാണ് വിജിലന്‍സ് സംഘം കേസന്വേഷിച്ചതെന്നും അതിനാല്‍ തന്നെ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് നീതി ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നും പരാതിക്കാര്‍ പറയുന്നു.