അടുത്ത ഐപിഎല്ലിലും കളിക്കും: സച്ചിന്‍

മുംബൈ| WEBDUNIA|
PRO
അടുത്ത സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും താന്‍ കളിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഐ പി എല്ലിന്‍റെ മൂന്നാം സീസണ്‍ മുംബൈയെ സംബന്ധിച്ചിടത്തോളം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു.

ഫൈനല്‍ ഒഴികെയുള്ള മത്സരങ്ങളിലെല്ലാം മികവ് കാട്ടാന്‍ മുംബൈക്കായി. ഐ പി എല്‍ കളിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. അതിനാല്‍ തന്നെ അടുത്ത വര്‍ഷവും മുംബൈ ഇന്ത്യന്‍ കുപ്പായത്തില്‍ താന്‍ ഉണ്ടാകുമെന്നും ഫൈനലില്‍ ചെന്നൈയ്ക്കെതിരായ തോല്‍‌വിയ്ക്ക് ശേഷം സച്ചിന്‍ പറഞ്ഞു.

മോശം ഫീല്‍ഡിംഗാണ് ചെന്നൈയ്ക്കെതിരായ തോല്‍‌വിയ്ക്ക് പ്രധാന കാരണമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനപ്പെട്ട ക്യാച്ചുകള്‍ ഞങ്ങള്‍ നഷ്ടമാക്കി. ക്യാച്ചുകളാണ് മത്സരം ജയിപ്പിക്കുന്നതെന്ന ചൊല്ല് ഞങ്ങളുടെ കാര്യത്തില്‍ അന്വര്‍ത്ഥമായി. ക്യാച്ചുകള്‍ എടുത്തിരുന്നെങ്കില്‍ ചെന്നൈയെ 145-10 സ്കോറില്‍ ഒതുക്കാനാവുമായിരുന്നു.

ഇതിനു പുറമെ പതിഞ്ഞ തുടക്കവും കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ ഇറക്കാന്‍ താമസിച്ചതും ഞങ്ങള്‍ക്ക് വിനയായി. സൌരഭ് തിവാരിയും അമ്പാട്ടി റായിഡുവും കെയ്‌റോണ്‍ പൊള്ളാര്‍ഡുമാണ് ഈ സീസണിലെ മുംബൈയുടെ മികച്ച ബാറ്റ്‌സ്മാന്മാരെന്നും സച്ചിന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :