മെഴുകുപ്രതിമകളുടെ പ്രദര്‍ശന കേന്ദ്രമായ ലണ്ടനിലെ മാഡം ടുസൌഡ്സ് മ്യൂസിയത്തിലേക്ക് ഒരു അതിഥി കൂടി. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രതിമയാണ് ടുസൗഡ്സില്‍ സന്ദര്‍ശകരുടെ മനം കവരാന്‍ ഒരുങ്ങുന്നത്. മ്യൂസിയത്തില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരമാണ് സച്ചിന്‍.
സച്ചിന്‍റെ പ്രതിമ ഏപ്രിലില്‍ അനാശ്ചാദനം ചെയ്യും. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവരും മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ്‌ഗാന്ധി, പി.വി നരസിംഹ റാവു തുടങ്ങിയവരും നേരത്തെ ടുസൌഡ്സില്‍ ഇടം നേടിയ ഭാരതീയരാണ്.
മ്യൂസിയത്തിന്‍റെ അധികൃതര്‍ രണ്ടാഴ്ച മുമ്പ് മുംബൈയില്‍ എത്തി സച്ചിനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സച്ചിന്‍റെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങളും ഇവര്‍ ക്യാമറയില്‍ പകര്‍ത്തി. ഇതനുസരിച്ചാണ് പ്രതിമയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.
സച്ചിന്‍ നല്‍കിയ വെളുത്ത ജഴ്സി അണിയിച്ചായിരിക്കും പ്രതിമ പ്രദര്‍ശിപ്പിക്കുക. ക്രിക്കറ്റ് ഇതിഹാസം ബ്രയന്‍ ലാറ, സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍ എന്നിവരുടെ പ്രതിമകള്‍ നേരത്തെ മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഡേവിഡ് ബെക്കാം, മുഹമ്മദ് അലി, ടൈഗര്‍ വുഡ്സ്, ജെസി ഓവന്‍സ് തുടങ്ങിയ പ്രതിഭകളുടെ പ്രതിമകള്‍ക്കൊപ്പമായിരിക്കും സച്ചിനും സ്ഥാനമുറപ്പിക്കുക. 1,50,000 പൗണ്ട് ചെലവഴിച്ചാണ് പ്രതിമ നിര്‍മിക്കുന്നത്.