നീലിമ ലക്ഷ്മി മോഹൻ|
Last Updated:
തിങ്കള്‍, 13 ജനുവരി 2020 (15:55 IST)
ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ്. അതിലെ തന്നെ ഏറ്റവും മാന്യനെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഏവരും സംശയമില്ലാതെ തിരഞ്ഞെടുക്കുന്നത് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനെ ആയിരിക്കും. ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച അംപയര്‍മാരുടെ പട്ടികയില്‍ മുന്നില്‍നില്‍ക്കുന്ന സൈമണ്‍ ടോഫലും അത് തന്നെയാണ് പറയുന്നത്.
കരിയറിനിടെ കണ്ട ഏറ്റവും മാന്യനായ ക്രിക്കറ്റര്‍ ആരായിരുന്നുവെന്ന ചോദ്യത്തിന് രാഹുല്‍ ദ്രാവിഡും മുന്‍ ഓസീസ് താരം മാര്‍ക്ക് വോയും ആണെന്നാണ് സൈമൺ പറയുന്നത്. സൈമണിന്റെ അഭിപ്രായം സത്യമാണെന്ന് ക്രിക്കറ്റ് ലോകവും പറയുന്നു.
ഒപ്പം മറ്റൊരു ചോദ്യവും സൈമൺ നേരിടുകയുണ്ടായി. അംപയറിങ്ങിനിടെ ഏറ്റവും അപകടകാരികളായ ബാറ്റ്സ്മാന്മാര് ആരെന്നുള്ള ചോദ്യത്തിന് 3 താരങ്ങളുടെ പേരാണ് അദ്ദേഹം നൽകിയത്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്, വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്, ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ടോഫലിന്റെ അപകടകാരികളായ ബാറ്റ്മാന്മാര്.
2004 മുതല്‍ 2008 വരെയുള്ള തുടര്‍ച്ചയായ അഞ്ച് വര്‍ഷങ്ങളില്‍ ഐസിസിയുടെ മികച്ച അംപയര്‍ക്കുള്ള പുരസ്കാരം ടോഫലിനായിരുന്നു. 1999 മുതല്‍ 2012 വരെയുള്ള കരിയറില്‍ നിരവിധ അന്താരാഷ്ട്ര മത്സരങ്ങള്‍ അദ്ദേഹം നിയന്ത്രിച്ചു. ടോഫല്‍ 2012ലാണ് അംപയറിങ്ങില്‍ നിന്ന് വിരമിക്കുന്നത്.