ഗോൾഡ ഡിസൂസ|
Last Modified ശനി, 28 ഡിസംബര്‍ 2019 (14:49 IST)
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ കഴിയണേ എന്നായിരുന്നു സഞ്ജു സാംസണിന്റേയും അദ്ദേഹത്തിന്റെ ആരാധകരുടെയും ആഗ്രഹവും പ്രാർത്ഥനയും. എന്നാൽ, വെറുതേ ടീമിൽ ഇടം പിടിച്ചിട്ടെന്ത് കാര്യം?. ഒരു കളിയിൽ പോലും ഗ്രൌണ്ടിലിറക്കാതെ താരത്തെ ആത്മവിശ്വാസം തകർക്കാനല്ലേ അതുകൊണ്ട് കഴിയൂ എന്ന് ക്രിക്കറ്റ് വിശകലർ ചോദിച്ചാൽ അത് തെറ്റെന്ന് പറയാൻ കഴിയില്ല.
കാരണം. ഈ വർഷം അടുപ്പിച്ച് ടീമിൽ ഇടം പിടിച്ചിട്ടും കളിക്കാൻ അവസരം ലഭിക്കാതെ വാട്ടർ ബോയ് ആയി ഇരിക്കുക എന്നതായിരുന്നു സഞ്ജുവിന്റെ വിധി. സഞ്ജുവിനെ വീണ്ടും ഇന്ത്യൻ ടീമിലെടുത്തിരിക്കുന്നു. ശ്രീലങ്കക്കെതിരായ ട്വെന്റി20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ സെലക്ട് ചെയ്തിരിക്കുന്നത്. വാർത്ത പുറത്തുവന്നപ്പോൾ തന്നെ ആരാധകർ പ്രതീക്ഷയിലാണ്.
തന്നെ പുറത്തിരുത്തിയ ഇന്ത്യൻ ടീമിനുള്ള മറുപടി അടുത്ത് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സഞ്ജു കാഴ്ച വെച്ചിരുന്നു. രഞ്ജി ട്രോഫിയിൽ കഴിഞ്ഞ ആഴ്ച സെഞ്ച്വറി അടിച്ചായിരുന്നു സഞ്ജു തന്റെ വിഷമങ്ങളും അവഗണനയും തീർത്തത്. ഇത്തവണ ഗുജറാത്തിനോട് കേരളം തോറ്റെങ്കിലും 82 പന്തിൽ 78 റൺസ് എടുത്ത് അവിടെയും സഞ്ജു തന്റെ കലിപ്പ് തീർത്തു. രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന സഞ്ജുവിനെ വെറും നോക്കുകുത്തിയാക്കാനാണ് ഇന്ത്യൻ ടീമിലേക്ക് എടുക്കുന്നതെങ്കിൽ എന്തിനാണ് അതിനുവേണ്ടി സമയം കളയുന്നതെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
ഈ പ്രാവശ്യം സഞ്ജുവിനെ മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ടീമിലുൾപ്പെടുത്തിയിരിക്കുന്നത്. ഈ പുതുവർഷത്തിൽ സഞ്ജുവിനു മുന്നിൽ അവസരത്തിന്റെ വാതിൽ തുറക്കപ്പെടുമെന്ന് തന്നെ വിശ്വസിക്കാം. ടീമിലേക്കു തിരിച്ചെത്തുന്ന ശിഖർ ധവാനൊപ്പം ‘ബാക് അപ്’ ഓപ്പണിങ് ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ ധവാനും കെ എൽ രാഹുലുമാണ് ഓപ്പണിംഗ് സ്ഥാനത്തുള്ളത്. എന്നാൽ, ധവാൻ തിരിച്ചെത്തിയെങ്കിലും കുറച്ച് കൂടി പ്രാക്ടീസിന്റെ ആവശ്യം കണക്കിലെടുക്കുകയാണെങ്കിൽ രാഹുലിനൊപ്പം ആദ്യ കളിയിൽ സഞ്ജുവിനെ ഓപ്പണിംഗ് ബാറ്റ്സ്മാൻ ആയി സഞ്ജുവിനെ ഇറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ജനുവരി 5ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിരിക്കും.