Last Modified തിങ്കള്‍, 27 മെയ് 2019 (15:35 IST)
2023ലെ ലോകകപ്പില്‍ മഹേന്ദ്രസിംഗ് ധോണി കളിക്കുമോ? അങ്ങനെ ഒരു ചോദ്യം വന്നാല്‍ ധോണി എങ്ങനെ പ്രതികരിക്കും എന്നറിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ ആരാധകരില്‍ കൂടുതല്‍ പേരും 2023ല്‍ ധോണി ലോകകപ്പ് കളിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ആയിരിക്കും. ഒരു കാര്യം ആരാധകര്‍ക്ക് ഉറപ്പാണ്, 2023ലും ഒരു വലിയ ടീമിനെ ഏറ്റവും പെര്‍ഫെക്ടായി നയിക്കാനുള്ള ഫിറ്റ്നസും മനോബലവും അദ്ദേഹത്തിന് ഉണ്ടായിരിക്കും എന്ന കാര്യത്തില്‍.
കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സിനോട് ഒരു മാധ്യമപ്രവര്‍ത്തകര്‍ രസകരമായ ഒരു ചോദ്യം ചോദിച്ചു. 2023ലെ ലോകകപ്പില്‍ ഡിവില്ലിയേഴ്സ് മടങ്ങിയെത്തുമോ എന്നായിരുന്നു അത്. അപ്പോഴും എം എസ് ധോണി ഇന്ത്യന്‍ ടീമിലുണ്ടെങ്കില്‍, അദ്ദേഹം ലോകകപ്പ് കളിക്കുന്നു എങ്കില്‍ താനും 2023ല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കാനുണ്ടാകും എന്നാണ് എബിഡി പറഞ്ഞത്.
ഡിവില്ലിയേഴ്സ് തമാശയായാണ് അക്കാര്യം പറഞ്ഞതെങ്കിലും, ചിലപ്പോള്‍ ധോണി അപ്പോഴും ലോകകപ്പ് ടീമിലുണ്ടായേക്കാം എന്ന അദ്ദേഹത്തിന്റെ വിശ്വാസത്തില്‍ നിന്നാണ് ആ വാക്കുകള്‍ പുറത്തുവന്നത്. ഒരിക്കലും ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. കാരണം, അദ്ദേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊരാള്‍ ഇല്ല എന്നതുതന്നെ.
ധോണി ടീമിലുണ്ടെങ്കില്‍ തന്നെ ടീം പാതി ജയിച്ചതുപോലെയാണ്. ആ സാന്നിധ്യം മറ്റ് ടീമംഗങ്ങള്‍ക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല.
15 വര്‍ഷം നീണ്ട കരിയര്‍ കാരണം താന്‍ ക്ഷീണിതനാണെന്നാണ് വിരമിക്കുന്നതിന് കാരണമായി ഡിവില്ലിയേഴ്സ് പറയുന്നത്. എന്നാല്‍ എം എസ് ധോണിയെ നോക്കുക. ഈ പ്രായത്തിലും ടീമിലെ ഏറ്റവും ഊര്‍ജ്ജസ്വലനായ വ്യക്തി ധോണി തന്നെയാണ്. 2023ലെ ലോകകപ്പിലും ടീം ഇന്ത്യയില്‍ ധോണി അംഗമായിരിക്കുമെന്ന് വിശ്വസിക്കാതിക്കാന് അതുകൊണ്ടുതന്നെ കാരണങ്ങളൊന്നും കാണുന്നില്ല.