ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് കുംബ്ലെ ചൂടാവും, പാവം ഇന്‍സമാമിനെപ്പോലും വിറപ്പിച്ചു!

അനില്‍ കുംബ്ലെ, ഇന്‍സമാം ഉള്‍ ഹഖ്, രാഹുല്‍ ദ്രാവിഡ്, Anil Kumble, Inzamam Ul Haq, Rahul Dravid
എബി മാര്‍ട്ടിന്‍| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2019 (20:05 IST)
അനില്‍ കുംബ്ലേ എന്ന ബൌളറുടെ ഗ്രൌണ്ടിലെ പ്രകടനം ഇന്നും ഏവരും ഓര്‍ക്കുന്നത് ഒരു പേസ് ബൌളറുടെ അഗ്രഷനുള്ള സ്പിന്നര്‍ എന്ന നിലയിലാണ്. അദ്ദേഹം എറിയുന്ന പന്തിന്‍റെ സ്പീഡോ പന്ത് കുത്തിത്തിരിയുന്നതോ ബാറ്റ്സ്മാന്മാര്‍ക്ക് മനസിലാക്കാന്‍ കഴിയുമായിരുന്നില്ല. അതുപോലെ തന്നെയായിരുന്നു ഗ്രൌണ്ടില്‍ കുംബ്ലെയുടെ സ്വഭാവവും. അദ്ദേഹത്തിന് എപ്പോഴാണ് ദേഷ്യം വരികയെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലായിരുന്നു.

ദേഷ്യം വന്നാല്‍ പിന്നെ ഒരു പൊട്ടിത്തെറിക്കലാണ്. ആരോടാണ് എന്തിനാണ് എന്നൊന്നുമില്ല. അനില്‍ കുംബ്ലേ എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് അതിന് ഇരയാകുന്നവര്‍ക്ക് പോലും പലപ്പോഴും മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. ഒരിക്കല്‍ പാകിസ്ഥാനെതിരായ ഒരു മത്സരത്തിനിടെ കുംബ്ലെയുടെ ദേഷ്യത്തിന് ഇരയാകേണ്ടിവന്നത് ഇന്‍സമാം ഉള്‍ ഹഖ് ആയിരുന്നു. ഇന്‍സമാമിനോട് അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു കുംബ്ലെ.

വളരെ ശാന്തപ്രകൃതമുള്ള ഒരു കളിക്കാരനാണ് ഇന്‍സമാം ഉള്‍ ഹഖ്. അദ്ദേഹം ആരോടും ഒരു പ്രശ്നത്തിനും പോകാറില്ല. ശരിക്കും ഒരു പാവത്താന്‍. അങ്ങനെയുള്ള ആളോടുപോലും അനില്‍ കുംബ്ലെ ചൂടായി. കുംബ്ലെയുടെ ദേഷ്യം കണ്ട് സങ്കടം വന്ന ഇന്‍സമാം നേരെ രാഹുല്‍ ദ്രാവിഡിന്‍റെയടുത്തുപോയി വിഷമം പറഞ്ഞു. താന്‍ എന്തു തെറ്റുചെയ്തിട്ടാണ് കുംബ്ലെ ഇങ്ങനെ ദേഷ്യപ്പെടുന്നതെന്ന് ദ്രാവിഡിനോട് ഇന്‍സമാം ചോദിച്ചു. അദ്ദേഹത്തോട് എന്ത് മറുപടി പറയണമെന്ന് ദ്രാവിഡിന് അറിയില്ലായിരുന്നു.

ഗ്രൌണ്ടില്‍ ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാത്ത വ്യക്തിയെന്നാണ് കുംബ്ലെയെ ദ്രാവിഡ് വിശേഷിപ്പിക്കുന്നത്. കുംബ്ലെ പലതവണ ദ്രാവിഡിനോടും ദേഷ്യപ്പെട്ടിട്ടുണ്ട്. ദ്രാവിഡ് കീപ്പറായിരുന്നപ്പോള്‍ കുംബ്ലെ ലെഗ് സൈഡില്‍ എറിയുന്ന പന്തുകള്‍ പിടിക്കുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടിരുന്നു. അതിരൂക്ഷമായാണ് ആ സമയത്തൊക്കെ കുംബ്ലെ ദ്രാവിഡിനെ ശാസിച്ചിട്ടുള്ളത്. ‘താങ്കളുടെ പന്ത് ജഡ്ജ് ചെയ്യാന്‍ ബാറ്റ്സ്മാന് പോലും കഴിയുന്നില്ല, പിന്നെ ഞാന്‍ എങ്ങനെ മനസിലാക്കാനാണ്’ എന്നൊക്കെ പറഞ്ഞ് ദ്രാവിഡ് ഒഴിഞ്ഞുപോകാറായിരുന്നു പതിവത്രേ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :