സമുദ്രക്കനി വീണ്ടും വിപ്ലവകാരി!

WEBDUNIA|
PRO
PRO
തമിഴ്‌ നടനും സംവിധായകനുമായ സമുദ്രക്കനി മലയാളത്തില്‍ എത്തിയത് മോഹന്‍‌ലാല്‍ ചിത്രമായ ശിക്കാറിലൂടെയായിരുന്നു. ഈ ചിത്രത്തില്‍ ഒരു വിപ്ലവകാരിയെയായിരുന്നു സമുദ്രക്കനി അവതരിപ്പിച്ചത്. ആന്ധ്രാപ്രദേശിലെ വിപ്ലവകാരിയായ ഡോ അബ്ദുള്ള എന്ന കഥാപാത്രത്തെ സമുദ്രക്കനി ഉജ്ജ്വലമാക്കിയിരുന്നു. ഇപ്പോഴിതാ സമുദ്രക്കനി മലയാളത്തില്‍ വീണ്ടും ഒരു വിപ്ലവകാരിയെ അവതരിപ്പിക്കുന്നു.

പത്മകുമാര്‍ ഒരുക്കുന്ന 'ഒരു ബൊളീവിയന്‍ ഡയറി 1995' എന്ന ചിത്രത്തിലാണ് സമുദ്രക്കനി വിപ്ലവകാരിയെ അവതരിപ്പിക്കുന്നത്. ചൗക്കിദാര്‍ എന്ന രഹസ്യനാമത്തില്‍ അറിയപ്പെടുന്ന ഒരു മാവോയിസ്റ്റ് നേതാവിനെയാണ് സമുദ്രക്കനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

വയനാട്ടിലെ ജനങ്ങളെ പോരാടാന്‍ പ്രേരിപ്പിക്കുന്ന ചൌക്കിദാര്‍ എന്ന മാവോയിസ്റ്റും ഇയാളെ പിടികൂടാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ബൊളീവിയന്‍ ഡയറിയുടെ പ്രമേയം. 'ആടുകളം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ്‌നടന്‍ നരനാണ് പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്നത്. ആദിവാസിയുവാവായി ആസിഫ് അലിയും ചിത്രത്തില്‍ അഭിനയിക്കുന്നു. ജി എസ് അനില്‍ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം അര മണിക്കൂര്‍ മാത്രമാണ്. ‘ഡി കമ്പനി’ എന സിനിമാ പാക്കേജിലെ ഒരു ലഘുചിത്രമാണ് ബൊളീവിയന്‍ ഡയറി. ഡി കമ്പനിയിലെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് ജോഷി, ഷാജി കൈലാസ്, ദീപന്‍, വിനോദ് വിജയന്‍ എന്നിവരാണ്. ഇതില്‍ ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഗാംഗ്സ് ഓഫ് വടക്കുംനാഥ്’ എന്നാണ് പേര്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :