വീരപുത്രനില്‍ നിന്ന് പൃഥ്വി ‘ഔട്ട്’, നരേന്‍ ‘ഇന്‍’

WEBDUNIA|
PRO
PRO
മൂന്ന് ചരിത്ര സിനിമകളില്‍ നായകനാവാനുള്ള ഭാഗ്യം ചെറുപ്പത്തില്‍ തന്നെ ലഭിക്കുക. എന്നാല്‍ ചുണ്ടും കപ്പിനുമിടയ്ക്ക് ഈ ഭാഗ്യം കളഞ്ഞുപോകുക. മലയാളത്തിന്റെ പ്രിയ യുവതാരമായ പൃഥ്വിരാജിനാണ് ഈ ഭാഗ്യവും നിര്‍ഭാഗ്യവും ഉണ്ടായത്. വാസ്കോഡഗാമയെ കൊല്ലാന്‍ കച്ചകെട്ടിയിറങ്ങിയ കേളു നായനാര്‍, രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ വേലുത്തമ്പി ദളവ, ചരിത്രത്തിലെ ഇടപെടലിലൂടെ വിവാദനായകനായ മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ എന്നീ ചരിത്രകഥാപാത്രങ്ങളെ പൃഥ്വിരാജ് അവതരിപ്പിക്കും എന്നായിരുന്നു കഴിഞ്ഞ വര്‍ഷം വന്ന വാര്‍ത്തകള്‍.

കേളു നായനാരെ പൃഥ്വിരാജ് അവതരിപ്പിക്കുക തന്നെ ചെയ്തു. പക്ഷേ, മറ്റ് രണ്ട് ചരിത്ര സിനിമകളിലും പൃഥ്വിരാജിന് അഭിനയിക്കാനാകില്ല. കാരണം, വേലുത്തമ്പി ദളവയെ പറ്റി ഇപ്പോള്‍ രണ്‍ജി പണിക്കര്‍ മിണ്ടുന്നില്ല. അര്‍ത്ഥം പ്രൊജക്റ്റ് നടക്കുകയില്ല എന്നുതന്നെ. മുഹമ്മദ്‌ അബ്‌ദുറഹിമാന്റെ ജീവചരിത്രം വീരപുത്രന്‍ എന്ന പേരില്‍ സിനിമയാക്കുന്ന പിടി കുഞ്ഞുമുഹമ്മദാകട്ടെ നായകവേഷത്തില്‍ നിന്ന് പൃഥ്വിയെ ഒഴിവാക്കുകയും നരേനെ കാസ്റ്റുചെയ്യുകയും ചെയ്തു.

ഒരു വര്‍ഷം മുമ്പെ പൃഥ്വിരാജും സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദും സംയുക്‌തമായി പത്രസമ്മേളനം നടത്തി സിനിമയെ കുറിച്ച് സംസാരിച്ചപ്പോള്‍ തങ്ങളുടെ സ്വപ്‌ന പദ്ധതിയായാണ്‌ ‘വീരപുത്ര’നെ രണ്ടുപേരും പദ്ധതിയെ വിശേഷിപ്പിച്ചത്‌. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ജീവിതവും പോരാട്ടവും ദുരന്തവും അടിസ്ഥാനമാക്കിയുള്ള ചിത്രമാണിതെന്നും സാഹിബിന്റെ 22 വയസ്സു മുതല്‍ 45 വയസ്സുവരെയുള്ള ജീവിതമാണ് ദൃശ്യവല്‍‌ക്കരിക്കുന്നതെന്നും കുഞ്ഞുമുഹമ്മദ് പറയുകയുണ്ടായി.

എന്നാലിപ്പോള്‍ ചിത്രീകരണം തുടങ്ങാന്‍ ശ്രമിക്കുമ്പോഴൊക്കെ പൃഥ്വിരാജ്‌ ഒഴിഞ്ഞുമാറുകയാണെന്നാണ്‌ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്‌. ഇതോടെ സിനിമയുടെ ചിത്രീകരണം നിശ്‌ചയിച്ചതിലും മാസങ്ങള്‍ വൈകി. അതുകൊണ്ടുതന്നെ പൃഥ്വിരാജിനെ മാറ്റാതെ സിനിമയുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന്‌ അവര്‍ തീരുമാനിക്കുകയായിരുന്നു. പകരക്കാരനായി എത്തുന്നതാകട്ടെ നിരവധി വ്യത്യസ്‌ത വേഷങ്ങളിലൂടെ കഴിവു തെളിയിച്ച നരേനും. നരേന് മലയാളത്തിലേക്ക് തിരിച്ചുവരാന്‍ ഈ സിനിമ വഴിയൊരുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്‍പി മുഹമ്മദിന്റെ കഥയെ ആസ്​പദമാക്കി പൂര്‍ത്തിയാകുന്ന 'വീരപുത്ര'ന്റെ തിരക്കഥയും സംഭാഷണവും പിടി കുഞ്ഞുമുഹമ്മദിന്റേതാണ്. സിദ്ദിഖ് മങ്കരയാണ് നിര്‍മാണം. ജഗതി ശ്രീകുമാറും സിദ്ധിക്കും അഭിനയിക്കുന്ന ഈ ചിത്രം പിടി കുഞ്ഞുമുഹമ്മദിന്റെ ആദ്യത്തെ വാണിജ്യ സിനിമ ആണെന്നും ഒരു പ്രത്യേകതയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :