മിത്രാ കുര്യന്‌ സ്കൂട്ടറില്‍ നിന്നുവീണ് പരിക്ക്‌

Mithra Kurian
WEBDUNIA|
PRO
PRO
സിനിമാ ചിത്രീകരണത്തിനിടയില്‍ നടി മിത്രാ കുര്യന്‌ സ്കൂട്ടറില്‍ നിന്നു വീണു പരിക്ക്‌. കാരക്കോണത്തെ ലൊക്കേഷനില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ്‌ നടി വീണത്‌. കാരക്കോണത്തും സമീപത്തുമായി ചിത്രീകരണം പുരോഗമിക്കുന്ന നോട്ട്‌ ഔട്ട്‌ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു അപകടം നടന്നത്. കൈയ്ക്കും കാലിനും പരിക്കേറ്റു.

സ്കൂട്ടറില്‍ നിന്ന് വീണത് കണ്ട സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പാഞ്ഞെത്തി മിത്രയെ ആശുപത്രിയില്‍ എത്തിച്ചു. കാരക്കോണം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു വിധേയയായി. പരിക്ക് നിസാരമാണെന്ന് പിന്നീട് നോട്ട്‌ ഔട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ജയസൂര്യ - കുഞ്ചാക്കോ ടീമിന്റെ ഗുലുമാല്‍, ദിലീപ് നായകനായ ബോഡീഗാര്‍ഡ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മിത്രാ കുര്യന്‍ തമിഴിലെ ഏറെ തിരക്കുള്ള നടിയാണ്. സിദ്ദിക്കിന്റെ സാധു മിരണ്ടാല്‍, ആര്‍. പവന്‍ സംവിധാനം ചെയ്ത സൂര്യന്‍ സട്ട കല്ലൂരി, കരണ്‍ നായകനായ കന്ദ എന്നിവയാണ് മിത്ര അഭിനയിച്ച തമിഴ് ചിത്രങ്ങള്‍. പെരുമ്പാവൂര്‍കാരിയാണ് മിത്ര കുര്യന്‍.

തെക്കാടയില്‍ ഫിലിംസിന്റെ ബാനറില്‍ ജോസഫ്‌ ജോര്‍ജ് നിര്‍മിക്കുന്ന ചിത്രമാണ് നോട്ട് ഔട്ട്‌. നവാഗതനായ കുട്ടി നടുവില്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഋതു ഫെയിം നിഷാന്‍, മിത്ര കുരിയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍, അനൂപ്‌ ചന്ദ്രന്‍, ബിജുക്കുട്ടന്‍, സുമേഷ്, ശിഹാദ്, കൊച്ചു പ്രേമന്‍, ഗിന്നസ് പക്രു തുടങ്ങിയവരും വേഷമിടുന്നു. ചായാഗ്രഹണം ദിലീപ് രാമന്‍ നിര്‍വഹിക്കുന്നു. ഗാന രചന അനില്‍ പനച്ചൂരാന്‍, സംഗീതം വിനു തോമസ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :