മമ്മൂട്ടിച്ചിത്രം ചെയ്ത് കൈപൊള്ളി, ഇനി ആസിഫിനെ പിടിക്കാം!

WEBDUNIA|
PRO
‘മായാബസാര്‍’ എന്ന മമ്മൂട്ടിച്ചിത്രം റിലീസായത് 2008 ഒക്ടോബര്‍ നാലിനാണ്. വലിയ പ്രതീക്ഷകളോടെയെത്തിയ സിനിമ ബോക്സോഫീസ് ദുരന്തമായി മാറി. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്ന്. തോമസ് സെബാസ്റ്റ്യന്‍ എന്ന നവാഗതനായിരുന്നു സംവിധായകന്‍. ടി എ റസാഖ് തിരക്കഥയെഴുതി.

മമ്മൂട്ടി ഡബിള്‍ റോളിലായിരുന്നു ഈ സിനിമയില്‍ എത്തിയത്. പ്രശസ്ത തെന്നിന്ത്യന്‍ താരം ഷീലയായിരുന്നു നായിക. പറയാന്‍ ഒരുപാട് സവിശേഷതകളുണ്ടായിരുന്നെങ്കിലും തിയേറ്ററുകളില്‍ ചിത്രം തകര്‍ന്നടിഞ്ഞു. ദുര്‍ബലമായ തിരക്കഥയാണ് സിനിമയുടെ പരാജയത്തിന് വലിയ സംഭാവന നല്‍കിയത്.

മായാബസാറിന് ആദ്യം തിരക്കഥയെഴുതിയത് മറ്റ് രണ്ടുപേരായിരുന്നെന്നും മമ്മൂട്ടി ഇടപെട്ട് ടി എ റസാഖിനെക്കൊണ്ട് മാറ്റിയെഴുതിക്കുകയായിരുന്നു എന്നുമാണ് അന്ന് കേട്ടത്. എന്തായാലും ആ സിനിമയ്ക്കൊപ്പം തകര്‍ന്നുപോയത് തോമസ് സെബാസ്റ്റ്യന്‍ എന്ന യുവ സംവിധായകന്‍റെ സ്വപ്നങ്ങളായിരുന്നു.

മമ്മൂട്ടിയെപ്പോലെ ഒരു മെഗാസ്റ്റാറിനെ ആദ്യ ചിത്രത്തില്‍ നായകനായി ലഭിച്ചിട്ടും ഹിറ്റുണ്ടാക്കാന്‍ പറ്റാത്ത സംവിധായകന്‍ എന്ന ദുഷ്പേര് തോമസ് സെബാസ്റ്റ്യനെ പിന്തുടര്‍ന്നു. നാലുവര്‍ഷത്തോളം അദ്ദേഹത്തിന് രണ്ടാമതൊരു സിനിമ ചെയ്യാനായില്ല.

ഒടുവില്‍ തോമസ് സെബാസ്റ്റ്യന്‍ അടുത്ത ചിത്രത്തിന് ഒരുങ്ങുകയാണ്. ഇത്തവണ മെഗാസ്റ്റാറോ സൂപ്പര്‍സ്റ്റാറോ ഒന്നും കൂട്ടിനില്ല. പകരം സ്റ്റാര്‍ പ്രിന്‍സ് ഉണ്ട്. അതേ, ആസിഫ് അലിയെ നായകനാക്കിയാണ് തോമസ് സെബാസ്റ്റ്യന്‍ തന്‍റെ പുതിയ ചിത്രമൊരുക്കുന്നത്. മമ്മൂട്ടിയെ നായകനാക്കിയിട്ടും അനുഗ്രഹിക്കാതിരുന്ന വിജയം ആസിഫിനെ നായകനാക്കിയാല്‍ ലഭിക്കുമോ എന്ന് കാത്തിരുന്ന് കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :