Last Modified വ്യാഴം, 16 ജൂണ്‍ 2016 (16:17 IST)
ഓണത്തിന് ഇത്തവണ മലയാളം ബോക്സോഫീസില്‍ വമ്പന്മാരുടെ ഏറ്റുമുട്ടലുണ്ടാകുമെന്നാണ് സൂചന. മമ്മൂട്ടിയുടെ ജോണി ആന്‍റണി ചിത്രം ‘തോപ്പില്‍ ജോപ്പന്‍’ ഓണം റിലീസാണ്. ഓണത്തോടനുബന്ധിച്ച് ‘പുലിമുരുകന്‍’ റിലീസ് ചെയ്യാനാണ് മോഹന്‍ലാലിന്‍റെ തീരുമാനം.
ഈ രണ്ട് വമ്പന്‍ സിനിമകളെയും മലര്‍ത്തിയടിക്കാന്‍ യുവസൂപ്പര്‍താരം ദുല്‍ക്കര്‍ സല്‍മാനും എത്തുന്നുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രവുമായാണ് ഓണത്തിന് ദുല്‍ക്കറിന്‍റെ വരവ്.
ദുല്‍ക്കറിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രത്തെയാണ് അമല്‍ നീരദ് തയ്യാറാക്കിയിരിക്കുന്നത്. ഒരു നര്‍ത്തകനായാണ് ദുല്‍ക്കര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. പത്തിലധികം ഡാന്‍സ് രംഗങ്ങളായിരിക്കും ദുല്‍ക്കര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഒരു മ്യൂസിക്കല്‍ എന്‍റടെയ്നറായ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നതും അമല്‍ നീരദ് തന്നെയാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സിനിമകള്‍ക്ക് ഈ ദുല്‍ക്കര്‍ ചിത്രം വെല്ലുവിളി ഉയര്‍ത്തുമെന്നതില്‍ സംശയമില്ല.