തബു വീണ്ടും മലയാളത്തില്‍

WEBDUNIA|
PRO
മലയാളിത്തമുള്ള ബോളിവുഡ് നടിയാണ് തബു. ‘കാലാപാനി’ എന്ന ചിത്രത്തിലൂടെയാണ് അവര്‍ മലയാളത്തിലെത്തുന്നത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ നേടിയ ഈ താരം കാലാപാനിക്ക് ശേഷം ഇടയ്ക്കിടെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. തബു വീണ്ടും മലയാളത്തിലേക്കെത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ഒറീസ’ എന്ന ചിത്രത്തിലൂടെയാണ് തബു വീണ്ടും മലയാളത്തില്‍ സാന്നിധ്യമറിയിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ ജി എസ് അനില്‍.

“തബുവിനെയാണ് ഈ ചിത്രത്തിലെ നായികമാരില്‍ ഒരാളായി പരിഗണിക്കുന്നത്. ഒറീസയുടെ പശ്ചാത്തലത്തിലാണ് ഈ കഥ പറയുന്നത്. ഒരു ഗ്രാമീണ പെണ്‍കുട്ടിയും അവളുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി നിയമിക്കപ്പെടുന്ന യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ഒറീസയിലെ സാമൂഹികാവസ്ഥയിലേക്ക് ചിത്രം വെളിച്ചം വീശുന്നു. സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെ ഈ പെണ്‍കുട്ടി പോരാടുകയാണ്. അവളെ ഒരു സ്കൂള്‍ ടീച്ചര്‍ സഹായിക്കുന്നു” - എം പത്മകുമാര്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയെ സഹായിക്കുന്ന സ്കൂള്‍ ടീച്ചറിന്‍റെ വേഷത്തിലാണ് തബു അഭിനയിക്കുന്നത്. സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ഉണ്ണി മുകുന്ദന്‍ വരുന്നു. നായികയായ പെണ്‍കുട്ടിയായി ഒരു താരത്തെയാണ് പരിഗണിക്കുന്നത്. രതീഷ് വേഗ സംഗീതസംവിധാനം നിര്‍വഹിക്കുന്നു.

വാല്‍ക്കഷണം: വളരെ വ്യത്യസ്തമായ ഈ കഥ ജി എസ് അനിലിന്‍റെ രണ്ടാമത്തെ തിരക്കഥയാണ്. ആദ്യ തിരക്കഥ ‘വെള്ളരിപ്രാവിന്‍റെ ചങ്ങാതി’യും വ്യത്യസ്തമായ പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളരിപ്രാവിലെ അഭിനയത്തിനാണ് ദിലീപിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :