ജയറാം ഇപ്പോഴും പ്രിയതാരം

Jayaram
WEBDUNIA|
PRO
PRO
ഒരിക്കല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നായിരുന്നു സ്റ്റാര്‍ വാല്യുവിന്‍റെ ക്രമം. എന്നാല്‍ പതിയെപ്പതിയെ സുരേഷ് ഗോപിയും ജയറാമും കളിയില്‍ നിന്ന് പുറത്താവുകയും പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ താരങ്ങള്‍ കയറിവരികയും ചെയ്തു. സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളിലും പുതുമുഖ സം‍വിധായകരുടെ പരാജയചിത്രങ്ങളിലും ഒതുങ്ങിക്കഴിയേണ്ടി വന്നിരുന്ന ജയറാം ഒരു തിരിച്ചുവരവിന്‌ ഒരുങ്ങുകയാണ്‌.

ഒന്‍പതോളം ചിത്രങ്ങളിലേക്കാണ്‌ ജയറാം ഇപ്പോള്‍ കരാര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ഏഴെണ്ണം മലയാളവും രണ്ടെണ്ണം തമിഴുമാണ്‌. സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രം തന്നെ ഇതില്‍ പ്രധാനം. കിടിലന്‍ തമാശകളുമായി 1991-ല്‍ ഇറങ്ങിയ സന്ദേശത്തിന്‍റെ രണ്ടാം ഭാഗമാണിത്.

സൂപ്പര്‍ ഹിറ്റ് സം‍വിധായകര്‍ റാഫി - മെക്കാര്‍ട്ടിന്‍റെ ചൈനാ ടൌണ്‍ എന്ന സിനിമയാണ്‌ അടുത്തത്. റാഫിയുടെ അനുജന്‍ ഷാഫി സം‍വിധാനം ചെയ്യുന്ന മെയ്ക്കപ്പ് മാന്‍ എന്ന സിനിമയിലും ജയറാം തന്നെ നായകന്‍.

മമ്മൂട്ടിയെയും പൃഥ്വിരാജിനെയും വച്ച് ‘പോക്കിരിരാജ’ ചെയ്ത വൈശാഖിന്‍റെ അടുത്ത ചിത്രമായ സീനിയേഴ്സിലും ജയറാം തന്നെ നായകന്‍. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്സ് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സജി സുരേന്ദ്രന്‍റെ അടുത്ത സം‍രംഭമായ ഫോര്‍ ഫ്രണ്ട്സിലും ജയറാം തന്നെ നായകന്‍. ഈ സിനിമ വെള്ളിയാഴ്ച റിലീസ് ആവുകയാണ്‌. കമലാഹാസന്‍ ഇതില്‍ അതിഥിതാരമായി എത്തുന്നുണ്ട്.

നിരവധി ജനപ്രിയ മെഗാ സീരിയലുകള്‍ സംവിധാനം ചെയ്തിട്ടുള്ള കിരണ്‍ ഒരുക്കുന്ന ‘കുടുംബശ്രീ ട്രാവല്‍സ്’ ആണ്‌ ജയറാമിന്‍റെ മറ്റൊരു ചിത്രം. ടിവി ചന്ദ്രന്‍റെ ഓഫ്‌ബീറ്റ് ചിത്രമായ ‘പുറത്തേക്കുള്ള വഴി’യും പുറത്തിറങ്ങാനുള്ള ജയറാം ചിത്രങ്ങളില്‍ ഒന്നാണ്‌.

തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ തിരക്കഥയില്‍ ത്യാഗരാജന്‍ സം‍വിധാനം ചെയ്യുന്ന ‘പൊന്നര്‍ ശങ്കര്‍’ എന്ന സിനിമയിലും ജയറാമിന്‌ ചെറുതല്ലാത്ത വേഷമുണ്ട്. സിനിമയ്ക്കുള്ളിലെ കഥ പറയുന്ന ‘സബാഷ് ശരിയാന പോട്ടി’ എന്ന തമിഴ് സിനിമയിലും ജയറാം നായകനാണ്‌. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ഒരു നടനെ കേന്ദ്രീകരിച്ചാണ്‌ ഇതിന്‍റെ കഥ. ഒരു മുഴുനീള ഹാസ്യചിത്രമാണിത്.

കഥയും സം‍വിധായകരെയും തെരഞ്ഞെടുക്കുന്നതില്‍ താന്‍ പലപ്പോഴും പരാജയെപ്പെട്ടിരുന്നുവെന്നും അതിനാല്‍ തന്‍റെ ചില സിനിമകള്‍ പരാജയപ്പെട്ടുവെന്നും ജയറാം ഇപ്പോള്‍ സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ തന്‍റെ അടുത്ത നീക്കങ്ങളെല്ലാം വളരെ ശ്രദ്ധിച്ചായിരിക്കുമെന്നും ജയറാം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :