‘ആടുജീവിതം’ ബ്ലെസി ഉപേക്ഷിക്കുന്നില്ല. പൃഥ്വിരാജ് നായകനാകുന്ന സിനിമ നവംബറില്‍ തുടങ്ങും. തുടര്‍ച്ചയായി അഞ്ചുമാസത്തെ ഡേറ്റാണ് പൃഥ്വിരാജ് ഈ ചിത്രത്തിനായി നല്‍കുന്നത്. ആടുജീവിതത്തിലെ മുജീബ് ആകാനായി 20 കിലോ ശരീരഭാരം കുറയ്ക്കാനാണ് പൃഥ്വി തീരുമാനിച്ചിരിക്കുന്നത്.
ബെന്യാമിന് എഴുതിയ നോവലാണ് ആടുജീവിതം. ഗള്‍ഫ് മരുഭൂമികളില്‍ ആടുകളുടെ കാവല്‍ക്കാരനായി പുറംലോകം കാണാതെയും ഭക്ഷണം കഴിക്കാതെയും കുളിക്കാതെയും തടവുജീവിതം അനുഭവിക്കേണ്ടിവന്ന മുജീബ് എന്ന ചെറുപ്പക്കാരന്റെ കഥയാണിത്.
ഗള്‍ഫ് മരുഭൂമിയില്‍ ഒരു പെണ്‍കുട്ടിക്ക് അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ ‘ഗദ്ദാമ’ എന്ന ചിത്രത്തിലൂടെ കമല്‍ ആവിഷ്കരിച്ചിരുന്നു. ആടുജീവിതം എന്ന നോവലിലെ പല സന്ദര്‍ഭങ്ങളുമായും പരോക്ഷസാദൃശ്യം ആ സിനിമയ്ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ആടുജീവിതം സിനിമയാക്കാനുള്ള ശ്രമം ബ്ലെസി ഉപേക്ഷിച്ചതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ ഇനിയും അനുഭവിച്ചിട്ടില്ലാത്ത ഒരു സിനിമാഭാഷയിലൂടെ ആടുജീവിതത്തെ സൃഷ്ടിക്കാനാകുമെന്ന വിശ്വാസമാണ് ചിത്രം തുടങ്ങാമെന്ന് ബ്ലെസി തീരുമാനിച്ചതിന് പിന്നില്‍.
കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് ആടുജീവിതം നിര്‍മ്മിക്കുന്നത്. ആടുജീവിതത്തിന് മുമ്പ് തന്റെ മോഹന്‍ലാല്‍ ചിത്രമായ ‘പ്രണയം’ ബ്ലെസി പൂര്‍ത്തിയാക്കും.