വിവാഹപൂര്‍വ ലൈംഗികബന്ധത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞ് പുലിവാലുപിടിച്ച തെന്നിന്ത്യന്‍ നടി ഖുശ്ബു ഇപ്പോള്‍ സന്തോഷത്തിലാണ്. സുപ്രീം കോടതി തനിക്ക് നീതി നല്കിയിരിക്കുന്നു എന്നാണ് ഒരുകാലത്ത് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞുനിന്ന നായിക പ്രതികരിക്കുന്നത്. ഈ സന്തോഷത്തില്‍ ഖുശ്ബു ഒരുകാര്യം കൂടി വ്യക്തമാക്കി - താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറെടുക്കുകയാണ്.
അതേ, ഖുശ്ബുവിന്റെ കോണ്‍ഗ്രസ് പ്രവേശം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോണ്‍ഗ്രസിന്റെ തമിഴ്നാട് ഘടകം അധ്യക്ഷന്‍ കെ വി തങ്കബാലു ഖുശ്ബുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. “സോണിയാജിയുടെ നേതൃത്വം അംഗീകരിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസിലേക്ക് വരാം” - തങ്കബാലു പറഞ്ഞു.
“ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വലിയ ഫാനാണ്. കോണ്‍ഗ്രസില്‍ ചേരാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു” - ലണ്ടനില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുന്ന ഖുശ്ബു പറഞ്ഞു.
“ഇപ്പോള്‍ എനിക്ക് കൂടുതലായി ഒന്നും പറയാന്‍ കഴിയില്ല. ചെന്നൈയില്‍ മടങ്ങിയെത്തിയ ശേഷം മറ്റു തീരുമാനങ്ങള്‍ കൈക്കോള്ളുന്നതാണ്. സ്ത്രീ ശാക്തീകരണത്തിനായി സേവനം നടത്തണമെന്നാണ് എന്റെ ആഗ്രഹം” - ഖുശ്ബു വ്യക്തമാക്കി.
എന്നാല്‍, ഖുശ്ബു കോണ്‍ഗ്രസില്‍ ചേരുന്നതിനോട് കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ടെന്നാണ് സൂചന. വിവാഹപൂര്‍വ ലൈംഗികബന്ധത്തെക്കുറിച്ച് വിവാദപ്രസ്താവന നടത്തിയ ഖുശ്ബു കോണ്‍ഗ്രസില്‍ ചേരുന്നത് പാര്‍ട്ടിയുടെ ജനകീയമുഖത്തിന് ദോഷം ചെയ്യുമെന്നാണ് ഒരുവിഭാഗം പറയുന്നത്.