ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് പിന്നാലെ മലയാള സിനിമ !

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
സുഭാഷ് ചന്ദ്ര ബോസിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി അഞ്ച് സിനിമകള്‍ ഒരുമിച്ച് പ്രഖ്യാപിക്കപ്പെട്ട ഒരു ചരിത്രം ഹിന്ദി സിനിമയ്ക്കുണ്ട്. കാലപ്പഴക്കം ചെന്ന തിയേറ്ററുമായി ബന്ധപ്പെട്ട് മൂന്ന് സിനിമകള്‍ ഒരേ കാലത്ത് ആലോചിക്കപ്പെട്ടത് അടുത്തിടെ മലയാളത്തില്‍ തന്നെയാണ്. മലയാള സിനിമയില്‍ ഇതാ പുതിയൊരു ട്രെന്‍ഡ്. ക്രിസ്ത്യന്‍ പുരോഹിതര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമകള്‍ കൂട്ടത്തോടെ വരുന്നു. എല്ലാ സിനിമകളും നര്‍മ്മ പശ്ചാത്തലത്തിലുള്ളതാണ്.

മലയാള സിനിമയുടെ പുതിയ ഹരമായ കൂട്ടുകെട്ട് - കുഞ്ചാക്കോ ബോബനും ബിജു മേനോനും - പള്ളീലച്ചന്‍‌മാരായി അഭിനയിക്കുന്ന ‘റോമന്‍സ്’ എന്ന ചിത്രമാണ് ഇതില്‍ പ്രധാനപ്പെട്ടത്. കള്ളന്‍‌മാരായ രണ്ടുപേര്‍ അച്ചന്‍‌മാരുടെ വേഷം കെട്ടി നാട്ടുകാരെ പറ്റിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ‘ജനപ്രിയന്‍’ ഹിറ്റാക്കിയ ബോബന്‍ സാമുവലാണ് സംവിധാനം.

മകനെ പാസ്റ്ററാ‍ക്കാന്‍ പരിശ്രമിക്കുന്ന മാതാപിതാക്കളും അവരുടെ സ്വപ്നം തല്ലിക്കെടുത്തുന്ന മകന്‍റെയും കഥയാണ് പൃഥ്വിരാജ് നായകനാകുന്ന ‘ലൂയി ആറാമന്‍’. ടൈറ്റില്‍ റോളിലാണ് പൃഥ്വി എത്തുന്നത്. കുട്ടനാട്ടിലെ കത്തോലിക്ക വിഭാഗത്തില്‍ പെട്ട ദമ്പതികളുടെ ആറാമത്തെ മകനാണ് ലൂയി. പാസ്റ്ററാക്കാനെന്ന ലക്‍ഷ്യത്തോടെയാണ് ലൂയിയെ വളര്‍ത്തിയതെങ്കിലും അവന്‍ പത്താം ക്ലാസില്‍ പലതവണ പരാജയപ്പെട്ട് അവരുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്നു.

‘ആമേന്‍’ എന്ന പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്ത് അച്ചനായും ഫഹദ് ഫാസില്‍ കപ്യാരായും വേഷമിടുന്നു. നായകന്‍, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ലിജോ ജോസ് പല്ലിശ്ശേരിയാണ് സംവിധാനം. ഒരു ഗ്രാമത്തിലെ പള്ളിയുടെ പശ്ചാത്തലത്തിലാണ് സംഗീതപ്രധാനമായ ഈ ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.

കലാസംവിധായകന്‍ സാബു സിറിള്‍ യേശുക്രിസ്തുവായും സംവിധായകന്‍ വി കെ പ്രകാശ് പള്ളീലച്ചനായും അഭിനയിക്കുന്ന ചിത്രമാണ് ‘പിതാവും പുത്രനും പരിശുദ്ധാത്മാവും’. ദീപേഷ് സംവിധാനം ചെയ്യുന്ന ഈ സിനിമ രണ്ട് കന്യാസ്ത്രീകളുടെ ജീവിതമാണ് പ്രമേയമാക്കുന്നത്.

ശ്രീനിവാസന്‍ ക്രിസ്ത്യന്‍ പുരോഹിതനാകുന്ന ചിത്രമാണ് ‘പറുദീസ’. വിഖ്യാത സംവിധായകന്‍ ആര്‍ ശരത് ഒരുക്കുന്ന ചിത്രത്തില്‍ ശ്വേതാ മേനോനാണ് നായിക. ഒരു പുരോഹിതനും സഭാ ഉദ്യോഗസ്ഥനും തമ്മിലുള്ള ആശയ സംഘര്‍ഷങ്ങളുടെ കഥയാണ് പറുദീസ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :