ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാവ് സലിംകുമാര്‍ ‘കാമസൂത്ര 3D'യില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ വിദൂഷകന്റെ വേഷത്തിലാണ് സലിംകുമാര്‍ എത്തുക. രൂപേഷ് പോളാണ് ഈ ബിഗ്ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബോളിവുഡ് താരങ്ങളാണ് കാമസൂത്രയിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. തെന്നിന്ത്യയില്‍ നിന്ന് രണ്ട് താരങ്ങളേയുള്ളൂ. അതില്‍ ഒരാള്‍ സലിംകുമാറാണ്.
തന്റെ കരിയറിലെ വെല്ലൂവിളിയുയര്ത്തുന്ന ഒരു കഥാപാത്രമായിരിക്കും കാമസൂത്രയിലേതെന്ന് സലിംകുമാര്‍ പറയുന്നു. സലിംകുമാറിന്റെ കഥാപാത്രത്തിന് വളരെക്കുറച്ച് സംഭാഷണങ്ങളേ ഈ ചിത്രത്തില്‍ ഉള്ളൂ. അത് ഹിന്ദിയിലും ഇംഗ്ലീഷിലുമാണ്.
“നര്‍മ്മത്തിന് ഭാഷയില്ലല്ലോ. ചാര്‍ളി ചാപ്ലിന് തന്നെ ഉദാഹരണം. എന്നാല്‍ പല ഭാഷകളിലെ ജനങ്ങളെ ചിരിപ്പിക്കുക എന്നത് നിസാര കാര്യമല്ല. എങ്കിലും എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സലിംകുമാര്‍ വ്യക്തമാക്കി.
പതിനാലാം നൂറ്റാണ്ടിലെ ഒരു മുഗള്‍ കൊട്ടാരത്തിലെ വിദൂഷകനായാണ് സലിംകുമാര്‍ കാമസൂത്രയില്‍ വേഷമിടുന്നത്. അന്താരാഷ്ട്രതലത്തില്‍ ഈ കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്ന് രൂപേഷ് പോള്‍ പറയുന്നു.