Last Modified ശനി, 10 സെപ്റ്റംബര്‍ 2016 (19:16 IST)
എഴുതിയത് ഉദയ്കൃഷ്ണ. സംവിധാനം ചെയ്തത് വൈശാഖ്. അവന് വരികയാണ് - പുലിമുരുകന് ! എതിരാളികള്‍ എന്തും പറഞ്ഞോട്ടേ. സാമ്പിള്‍ വെടിക്കെട്ടായി ട്രെയിലര്‍ വന്നുകഴിഞ്ഞു. പടം ഒക്ടോബറില്‍ എത്തും.
എന്താണ് പുലിമുരുകന് എന്ന് വ്യക്തമാക്കുന്ന അടിപൊളി ആക്ഷന്‍ ട്രെയിലറാണ് പുലിമുരുകന്റേതായി എത്തിയിരിക്കുന്നത്. പീറ്റര്‍ ഹെയ്ന് ഡിസൈന്‍ ചെയ്ത ആക്ഷന്‍ രംഗങ്ങളുടെ ചടുലത മുഴുവന്‍ ആവാഹിച്ച ട്രെയിലര്‍. തനിക്കൊപ്പമുള്ള കുറ്റവാളിയെ വേട്ടയാടുന്ന അന്ധനായി തകര്‍ത്തഭിനയിച്ച മോഹന്‍ലാല്‍ കൊടുംവനത്തിലെ പുലിവേട്ടക്കാരനായി എത്തുന്നു എന്നതാണ് പുലിമുരുകന്റെ പ്രത്യേകത.
ഒരു കടുവയുമൊത്തുള്ള ആക്ഷന്‍ സീക്വന്‍സുകളാണ് ഈ സിനിമയെ ഹോളിവുഡ് ലെവലിലേക്ക് ഉയര്‍ത്തുന്ന ത്രില്ലറാക്കുന്നത്. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് എല്ലാ സീനുകളിലും മോഹന്‍ലാല്‍ വിസ്മയിപ്പിക്കുന്നത്. ജഗപതി ബാബു, ലാല്‍, കിഷോര്‍, മകരന്ദ് ദേശ്പാണ്ഡേ, സിദ്ദിക്ക് തുടങ്ങിയ കരുത്തുറ്റ നടന്മാരുടെ സാന്നിധ്യവും പുലിമുരുകന്റെ ഗാംഭീര്യം വര്‍ദ്ധിപ്പിക്കുന്നു.
ഇത് മലയാളത്തില്‍ ഇതുവരെയിറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ക്യാന്‍വാസിലൊരുങ്ങുന്ന സിനിമയാണ്. ഏഴ് ഭാഷകളിലായാണ് സിനിമ റിലീസ് ചെയ്യുന്നത്. ഭാഷകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ബാഹുബലിയേക്കാള്‍ വലിയ റിലീസായിരിക്കും പുലിമുരുകന് ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാന്തരം ഗ്രാഫിക് വര്‍ക്കുകളാണ് ചിത്രത്തില്‍ ഉണ്ടാവുക.
യഥാര്‍ത്ഥ കടുവ ഉള്‍പ്പെടുന്ന അനവധി സംഘര്ഷരംഗങ്ങള് പുലിമുരുകന്റെ ഹൈലൈറ്റായിരിക്കും. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായിരിക്കും പുലിമുരുകന്. കമാലിനി മുഖര്‍ജിയാണ് നായിക. സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന വേഷത്തിലെത്തുന്നു. നിര്‍മ്മാണം ടോമിച്ചന് മുളകുപ്പാടം.