എം‌ടി ചിത്രത്തില്‍ ഇന്ദ്രജിത്തിനൊപ്പം നരേനും

WEBDUNIA|
PRO
PRO
എം ടി വാസുദേവന്‍ നായരും ഹരിഹരനും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വെബ്‌‌ദുനിയ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടാമൂഴം തല്‍ക്കാലം മാറ്റിവച്ച് എവിടെയോ ഒരു ശത്രു എന്ന ചിത്രമാണ് ഒരുക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ദ്രജിത്ത് ആയിരിക്കും നായകനെന്നുമായിരുന്നു വാര്‍ത്ത. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഇന്ദ്രജിത്തിനൊപ്പം നരേനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷം അവതരിപ്പിക്കും എന്ന് അറിയുന്നു.

മുമ്പ് ഹരിഹരന്‍ എം ടിയുടെ തിരക്കഥയില്‍ സുകുമാരനെ നായകനാക്കി ഒരുക്കാന്‍ തീരുമാനിച്ചിരുന്ന ചിത്രമാണ് 'എവിടെയോ ഒരു ശത്രു'. 1982 ല്‍ ഇതിന്റെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പലകാരണങ്ങളാല്‍ ചിത്രം നടക്കാതെ പോയി. ഈ ചിത്രത്തില്‍ സുകുമാരന് പുറമേ വേണു നാഗവള്ളിയായിരുന്നു മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിച്ചത്. സുകുമാരന്‍ ചെയ്യാനിരുന്ന കഥാപാത്രത്തെയാണ് മകനായ ഇന്ദ്രജിത്തിന് ലഭിച്ചിരിക്കുന്നത്. വേണു നാഗവള്ളിയുടെ ചെയ്യാനിരുന്ന കഥാപാത്രമായാകും നരേന്‍ പുതിയ ചിത്രത്തില്‍ അഭിനയിക്കുക.

'മുതല്‍ ഇടം' എന്ന തമിഴ്‌സിനിമയിലൂടെ നായികയായ കവിതാ നായരായിരിക്കും എവിടെയോ ഒരു ശത്രുവിലെ പ്രധാന സ്ത്രീ കഥാപാത്രമായി അഭിനയിക്കുക. മയൂഖം, നിവേദ്യം, യുഗപുരുഷന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച കവിത മോഹന എന്ന പേരിലാണ് വീണ്ടും മലയാളത്തിലെത്തുന്നത്. 'മുതല്‍ ഇട'ത്തിന്റെ സംവിധായകന്‍ ആര്‍ കുമരനു കവിതയെ പരിചയപ്പെടുത്തിയത് സംവിധായകന്‍ ഹരിഹരനായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :