അഴിക്കോടിന് മമ്മൂട്ടിയോട് അസൂയയെന്ന് രഞ്ജിത്

കോഴിക്കോട്‌| WEBDUNIA|
PRO
മമ്മൂട്ടി അഞ്ചരക്കോടി രൂപ പ്രതിഫലമായി വാങ്ങിയാണ് പഴശ്ശിരാജയില്‍ അഭിനയിച്ചതെന്ന സുകുമാര്‍ അഴീക്കോടിന്‍റെ പ്രസ്താവന വസ്തുതകള്‍ മനസ്സിലാക്കാതെയാണെന്ന് സംവിധായകന്‍ രഞ്ജിത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത് അഴീക്കോടിനെതിരെ രംഗത്തുവന്നത്.

പ്രസംഗകലയിലെ സൂപ്പര്‍ താരമായ അഴീക്കോടും പ്രതിഫലം വാങ്ങിയാണ്‌ പ്രസംഗിക്കുന്നത്‌. നടന്‍‌മാരായ മമ്മൂട്ടിയും മോഹന്‍ലാലും അവര്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫലം പറ്റുന്നതും ഇതുപോലെയാണ്‌. സ്വാഭാവികമായും മമ്മൂട്ടിക്കും മോഹന്‍ലാലിനും അഴീക്കോടിനേക്കാള്‍ പണം കിട്ടുന്നുണ്ടാവാം. ഇതില്‍ അദ്ദേഹം അസൂയപ്പെട്ടിട്ട്‌ കാര്യമില്ലെന്നും രഞ്ജിത് പറഞ്ഞു.

മമ്മൂട്ടി അഞ്ചരക്കോടി പ്രതിഫലം വാങ്ങിയെന്ന അഴീക്കോടിന്റെ ആരോപണം പ്രസംഗത്തിന്‌ അഴിക്കോട്‌ അഞ്ചുലക്ഷം വാങ്ങിയെന്ന് പറയുന്നതുപോലെയാണ്‌. പാലേരിമാണിക്യത്തില്‍ മമ്മൂട്ടി അഭിനയിക്കുമ്പോള്‍ പ്രതിഫലത്തെ കുറിച്ച്‌ ചര്‍ച്ചചെയ്‌തിട്ടില്ലെന്നും രഞ്ജിത് പറഞ്ഞു.

അഞ്ചരക്കോടി പ്രതിഫലം വാങ്ങിയാണ് മമ്മൂട്ടി പഴശിരാജയില്‍ അഭിനയിച്ചതെന്ന് സുകുമാര്‍ അഴീക്കോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പഴശ്ശിരാജയുടെ വേഷമിട്ടതിന് അഞ്ചരക്കോടി പ്രതിഫലം പറ്റുന്നത് ഏത് നിലയ്ക്കും പാപമാണെന്നും സ്വന്തം ബിസിനസ് മെച്ചപ്പെടുത്താന്‍ പ്രശസ്തി വിറ്റഴിക്കുന്ന സിനിമാ കലാകാരന്മാര്‍ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

നേരത്തെ തിലകന് അനുകൂലമായും അഴീക്കോട് രംഗത്തെത്തിയിരുന്നു. തിലകന് വിലക്കേര്‍പ്പെടുത്തുന്നത് സ്വേച്ഛാധിപത്യ പ്രവണതയാണെന്നും കലാകാരനെ വിലക്കുന്നത് ഉപ്പിന് ഉപ്പുരസം നഷ്ടപ്പെടുന്നതു പോലെയാണെന്നുമായിരുന്നു അഴീക്കോട് അഭിപ്രായപ്പെട്ടത്. തിലകന്‍ ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത ഉജ്ജ്വലനായ നടനാണെന്നും പുതിയ താരങ്ങള്‍ക്ക് തിളങ്ങാനുള്ള ആകാശമൊരുക്കിയ വ്യക്തിയാണെന്നും അഴീക്കോട് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :