അഭിറാം മനോഹർ|
Last Modified തിങ്കള്‍, 6 സെപ്റ്റംബര്‍ 2021 (19:27 IST)
സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിൽ മികച്ച സീരിയല്‍ അവാര്‍ഡുകള്‍ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമെന്ന് ഡബ്ല്യുസിസി. ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം സംഘടന വ്യക്തമാക്കിയത്. ധീരമായ തീരുമാനം എടുത്ത ജൂറിക്കും അതിന് അര്‍ഹമായ ബഹുമതികളോടെ അംഗീകാരം നല്കിയ സര്‍ക്കാരിനും അഭിനന്ദനങ്ങളും സംഘടന അറിയിച്ചു.
ഡബ്ല്യു.സി.സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
29ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖാപിച്ചപ്പോൾ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതിൻ്റെ പേരിൽ മികച്ച
സീരിയൽ അവാർഡുകൾ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമാണ്. ധീരമായ ആ തീരുമാനം ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു . നെഞ്ചോട് ചേർക്കുന്നു . ആ തീരുമാനമെടുത്ത ജൂറിക്കും അതിന് അർഹമായ ബഹുമതികളോടെ അംഗീകാരം നൽകിയ സർക്കാറിനും ഡബ്ലു.സി.സി.യുടെ അഭിനന്ദനങ്ങൾ.ഇത്തരം ആർജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തിൽ വലിയ തിരുത്തലുകൾക്ക് തുടക്കം കുറിക്കുന്നത്.
വൻമൂലധനത്തിൻ്റെ അകമ്പടിയും അധികാരവുമുണ്ടെങ്കിൽ എത്ര തന്നെ മനുഷ്യത്വ വിരുദ്ധമായ ഉള്ളടക്കവും കലയുടെ പേരിൽ വിറ്റഴിക്കാനും അതിന് അംഗീകാരം നേടാനും കഴിയും എന്ന ധാർഷ്ട്യത്തിനാണ് ഈ തിരുത്ത് പ്രഹരമേല്പിച്ചിരിക്കുന്നത്. കലയിൽ കാഴ്ചപാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെൻസർഷിപ്പല്ല , മറിച്ച് പണത്തിൻ്റെയും അധികാരത്തിൻ്റെയും ബലത്തിൽ എന്തുമാകാം എന്ന സാംസ്കാരിക മലിനീകരണത്തിന് തടയിടലാണ്. അതിൻ്റെ പേരാണ് നവോത്ഥാനം. ഡബ്ലു.സി.സി. അതിനൊപ്പമാണ്. ഉള്ളടക്കം ഏത് കലയുടെയും ജീവശ്വാസമാണ്.