Aparna Shaji|
Last Modified വ്യാഴം, 3 ഒക്ടോബര്‍ 2024 (10:13 IST)
വ്യത്യസ്തമായ അഭിനയ രീതികള്‍ കൊണ്ടും കഥാപാത്ര തിരഞ്ഞെടുപ്പുകള്‍ കൊണ്ടും എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റുന്ന നടനാണ് വിനായകന്. വിനായകന് എന്ന നടന്റെ റേഞ്ച് മുന്‍സിനിമകളില്‍ നാം കണ്ടതാണ്. മമ്മൂട്ടി കമ്പനി ഒരുക്കുന്ന ചിത്രമാണ് വിനായകന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂട്ടി-വിനായകന് കോമ്പോ ത്രസിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒക്ടടോബര്‍ നാലിന് അദ്ദേഹത്തിന്റെ പുതിയ സിനിമയായ തെക്ക് വടക്ക് തിയറ്ററുകളില്‍ എത്തുകയാണ്.
ഇപ്പോള്‍ വിനായകന്റെ അഭിമുഖം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ ഔദ്യോഗിക പേജ്. ചിത്രത്തില്‍ മാധവന് എന്ന കഥാപാത്രത്തെക്കുറിച്ചും തനിക്ക് ഇഷ്ടപ്പെട്ട നടമാരെക്കുറിച്ചുമൊക്കെ വിനായകന് പറയുന്നുണ്ട്. തനിക്ക് അഭിനയത്തിന്റെ ഒന്ന് രണ്ട് കാര്യങ്ങള്‍ പറഞ്ഞുതന്നത് തിലകന് സാറും നെടുമുടി ചേട്ടനുമാണെന്ന് വിനായകന് പറയുന്നു.
താനൊരു സിനിമ ചെയ്യുമ്പോള്‍ തിലകന് ചേട്ടന് ഇത്തിരി പ്രായമായിട്ടുണ്ടായിരുന്നുവെന്നും പൊസിഷനില്‍ വന്നിരുന്നാല്‍ തിലകന് ചേട്ടനെ അവിടെ നിന്ന് മാറ്റില്ല, അപ്പോള്‍ താനും കൂടെയിരുന്നുവെന്നും തമിഴ് പടം ക്ഷത്രിയനില്‍ അഭിനയിച്ച കാര്യമൊക്കെ പറഞ്ഞിരുന്നുവെന്നും താന്‍ ചോദിച്ചപ്പോള്‍ കുറച്ച് ടെക്നിക് തനിക്ക് തിലകന് ചേട്ടന് പറഞ്ഞു തന്നുവെന്നും വിനായകന് പറഞ്ഞു.
ചില ആളുകള്‍ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കുമെന്നും ചില ആളുകള്‍ അഭിനയിപ്പിച്ച് ചിരിപ്പിച്ചുകളയുമെന്നും വിനായകന് പറയുന്നു. തിലകന് സാറും ഒടുവില്‍ സാറും ഈ പറയുന്ന സാറന്മാരും ഇല്ലെങ്കില്‍ ഈ സ്റ്റാര്‍സ് എന്ന് പറയുന്നവരാരും ഇല്ല എന്നതാണ് സത്യമെന്നും വിനായകന് പറയുന്നു.
'കോമഡിയേന്‍ എന്ന് വേഡ് തനിക്കിഷ്ടമല്ല. കോമഡിയേന്‍ എന്ന് പറയാതെ ആക്ടേഴ്സ് എന്ന് തന്നെ പറഞ്ഞാല്‍ മതി. ഏറ്റവും ഇഷ്ടപ്പെട്ട ആക്ടേഴ്സ് ആരാണ് എന്ന് അല്ലേ ചോദ്യം, എനിക്ക് മാമുക്കോയ സാറിനെ ഭയങ്കര ഇഷ്ടമാണ്, ശങ്കരാടി സാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന് ചേട്ടന്, നെടുമുടി വേണു സാര്‍. ഇവരൊന്നും കോമേഡിയന്‍ അല്ലാട്ടോ, കോമേഡിയന്‍ മിമിക്രിക്കാര് എന്നൊന്നും പറയരുത് കേട്ടോ ആക്ടേഴ്സ്, അഭിനയിക്കുന്ന ആള്ക്കാര് എന്ന് വേണം പറയാന്‍', വിനായകന് പറഞ്ഞു.