കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (14:58 IST)
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള നടിയുടെ ലൈംഗിക പീഡന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിജയ് ബാബു മറുപടി നല്‍കുകയുണ്ടായി. ലൈവില്‍പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 228എ പ്രകാരം ഇരയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റമാണ്. താന്‍ ചെയ്യുന്നത് കുറ്റമാണ് എന്നറിഞ്ഞുകൊണ്ട് ആ കുറ്റം ചെയ്യുന്നത് നിയമ വ്യവസ്ഥയോട് കൊഞ്ഞനം കുത്തുന്ന നടപടിയാണെന്നും പൊതുപ്രവര്‍ത്തകയും അഭിഭാഷകയുമായ അഡ്വ. വീണ എസ് നായര്‍.
വീണ എസ് നായരുടെ വാക്കുകള്‍
ഒരു നടി ഒരു നടനെതിരെ പീഡനത്തിനു പരാതി നല്‍കുന്നു.ആ നടന്‍ 'ഇര താനാണ്' എന്ന വിചിത്ര വാദവുമായി പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തുന്നു.എന്തൊരു ആഭാസമാണിത്. തന്റെ അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് നടന്‍ വിജയ് ബാബുവിന്റെ ലൈവില്‍ കണ്ടത്.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 228എ പ്രകാരം ഇരയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റമാണ്. താന്‍ ചെയ്യുന്നത് കുറ്റമാണ് എന്നറിഞ്ഞുകൊണ്ട് ആ കുറ്റം ചെയ്യുന്നത് നിയമ വ്യവസ്ഥയോട് കൊഞ്ഞനം കുത്തുന്ന നടപടിയാണ്.
നടി നല്‍കിയ പരാതി പോലീസ് അന്വേഷിക്കട്ടെ, വിജയ് ബാബു കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ.
എന്നാല്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി പൊതു സമൂഹത്തിന് ഇട്ടെറിഞ്ഞു കൊടുത്ത് അവളെ സൈബര്‍ ഇടങ്ങളില്‍ അടക്കം കപട സദാചാരത്തിന്റെ ചെന്നായിക്കൂട്ടങ്ങള്‍ പിച്ചിച്ചീന്തുന്നത് കണ്ടു രസിക്കാന്‍ തയ്യാറെടുക്കുന്ന വിജയ് ബാബുവിനെ പോലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇല്ലെങ്കില്‍ അത് പൊതു സമൂഹത്തിനു നല്‍കുന്നത് തെറ്റായ സന്ദേശമായിരിക്കും.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചം കാണാത്തത് വിജയ് ബാബുവിനെ പോലെ നിരവധി പേര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല എന്നാണ് ഈ സംഭവത്തില്‍ നിന്നും മനസിലാക്കുന്നത്.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സമൂഹത്തില്‍ മാന്യന്മാരായി നടക്കുന്ന കള്ള നാണയങ്ങളെ ജനങ്ങള്‍ തിരിച്ചറിയട്ടെ.
Justice shall prevail even if heaven falls. ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാക്കണം. അതിനാവട്ടെ നമ്മുടെ പോരാട്ടം