നിഹാരിക കെ.എസ്|
Last Modified ചൊവ്വ, 24 ഡിസംബര്‍ 2024 (11:53 IST)
രാവിലെ കട്ടൻ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ബോളിവുഡ് നടന്‍ വരുണ്‍ ധവാന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. രാവിലെ കട്ടന്‍ കാപ്പി കുടിക്കുന്നത് വയറിന് പ്രശ്‌നമാകുമെന്നാണ് താരം പറഞ്ഞത്. പുതിയ ചിത്രമായ ബേബി ജോണിന്റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പരാമര്‍ശം.
രാവിലെ എഴുന്നേറ്റതിനു പിന്നാലെ കട്ടന്‍ കാപ്പി കുടിച്ചാല്‍, നിങ്ങള്‍ക്ക് വയറിനു പ്രശ്‌നമില്ലെങ്കില്‍ കൂടി അത് വരാന്‍ തുടങ്ങുമെന്നായിരുന്നു
വരുണ്‍ പറഞ്ഞത്. പിന്നാലെ താരത്തെ തിരുത്തിക്കൊണ്ട് പോഷകാഹാര വിദഗ്ധനായ പ്രശാന്ത് ദേശായി രംഗത്തെത്തി.
'ഇത് ശരിയല്ല വരുണ്‍. ഞാന്‍ കഴിഞ്ഞ 15 വര്‍ഷമായി എഴുന്നേറ്റതിനു ശേഷം കട്ടന്‍ കാപ്പി കുടിക്കുന്നത്. ഇതുവരെ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. ഓരോരുത്തരുടേയും വയര്‍ ഓരോ രീതിയിലാണ്, നിങ്ങളുടെ വിരലടയാളം പോലെ. എല്ലാവര്‍ക്കും വയറിനു പ്രശ്‌നം വരുമെന്നും പറയുന്നത് തെറ്റാണ്. വരുണ്‍ ധവാന് ചിലപ്പോള്‍ പ്രശ്‌നമുണ്ടായിരിക്കും. ഭക്ഷണം എന്നു പറയുന്നത് വ്യക്തിപരമാണ്. ഒരാള്‍ക്ക് ശരിയല്ല എന്നുകരുതി അത് ആഗോള സത്യമാകണം എന്നില്ല.'- പ്രശാന്ത് വ്യക്തമാക്കി.
പിന്നാലെ പ്രശാന്തിന് മറുപടിയുമായി താരം തന്നെ എത്തി. 'എനിക്ക് ശരിയായില്ല എന്ന് പറഞ്ഞത് സത്യമാണ്. നിങ്ങള്‍ക്ക് അത് ബാധിച്ചില്ല എന്നതും നിങ്ങള്‍ ആരോഗ്യവാനായി ഇരിക്കുന്നു എന്നതിലും സന്തോഷമുണ്ട്. എല്ലാവര്‍ക്കും അത് പറ്റില്ല എന്ന് ആളുകളെ പഠിപ്പിക്കാന്‍ എന്നെ നിങ്ങള്‍ക്ക് ഉദാഹരണമാക്കാം. ദയവായി എനിക്കും കുറച്ച് ടിപ്‌സുകള്‍ തരൂ. വിദഗ്ധനില്‍ നിന്ന് പഠിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.'- വരുണ്‍ പറഞ്ഞു.