കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 11 ജനുവരി 2023 (09:07 IST)
തമിഴ് സിനിമയിലെ രണ്ട് മുന്‍നിര താരങ്ങളായ വിജയ്, അജിത്ത് എന്നിവരുടെ ആരാധകര്‍ കാത്തിരുന്ന ദിവസമായിരുന്നു ഇന്ന്.'വാരിസ്', 'തുനിവ്' തിയേറ്ററുകളില്‍ എത്തി. 9 വര്‍ഷത്തിന് ശേഷം രണ്ടു താരങ്ങളുടെ സിനിമകളും ഒരുമിച്ച് എത്തിയപ്പോള്‍ ആരാധകര്‍ക്കിടയില്‍ തര്‍ക്കങ്ങളും ചിലയിടങ്ങളില്‍ ഉണ്ടായി.
പുലര്‍ച്ചെ 1 മണി മുതല്‍ തുനിവ് പ്രദര്‍ശനം ആരംഭിച്ചപ്പോള്‍ നാലുമണിക്കാണ് വാരിസ് തിയേറ്ററുകളില്‍ എത്തിയത്.ഇരു ആരാധകരും വന്‍തോതില്‍ തടിച്ചുകൂടിയതിനാല്‍ തിയേറ്റര്‍ ഉടമകള്‍ക്ക് ഇത് പ്രശ്നമായി.'തുനിവ്' കണ്ട അജിത്ത് ആരാധകര്‍ ചെന്നൈയിലെ രോഹിണി തിയേറ്ററില്‍ വിജയ്യുടെ 'വാരിസ്' എന്ന സിനിമയുടെ ബാനര്‍ കീറിക്കളഞ്ഞതായി റിപ്പോര്‍ട്ട്. ഇത് വിജയ് ആരാധകരെ അസ്വസ്ഥരാക്കുകയും തീയേറ്ററില്‍ സൂക്ഷിച്ചിരുന്ന അജിത്തിന്റെ 'തുനിവ്' എന്ന സിനിമയുടെ മിക്ക ബാനറുകളും അവര്‍ വലിച്ചുകീറുകയും ചെയ്തു. രംഗം ശാന്തമാക്കാന്‍ പോലീസ് ഉദ്യോഗസ്ഥരും എത്തി. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ വിജയ്, അജിത് ആരാധകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി, നിരവധി ആരാധകര്‍ക്ക് പരിക്കേറ്റു എന്നാണ് വിവരം.
'തുനിവ്' പല സ്ഥലങ്ങളിലും വൈകിയാണ് പ്രദര്‍ശനം ആരംഭിച്ചത്. പുലര്‍ച്ചെ ഒരു മണിക്ക് തുടങ്ങേണ്ട ഷോകള്‍ 30 മിനിറ്റോളം വൈകി.