അഭിറാം മനോഹർ|
Last Modified ശനി, 10 ഡിസംബര്‍ 2022 (14:02 IST)
ഷെഫീക്കിൻ്റെ സന്തോഷം എന്ന സിനിമയുടെ പ്രതിഫലവിഷയവുമായി ബന്ധപ്പെട്ട് നടൻ
ബാല നടത്തിയ പ്രസ്താവനകളിൽ വിശദീകരണം നൽകി ഉണ്ണി മുകുന്ദൻ. തനിക്ക് ചിത്രത്തിൽ പ്രതിഫലം നൽകിയില്ല എന്നായിരുന്നു ബാലയുടെ ആരോപണം. എന്നാൽ ഈ ആരോപണം ഉണ്ണി മുകുന്ദൻ തള്ളിക്കളഞ്ഞു.
ഒരു ദിവസമെങ്കിലും തൻ്റെ അമ്മയെ കരയിപ്പിക്കാൻ ബാലയുടെ പരാമർശം കാരണമായെന്നും സൗഹൃദം പെട്ടെന്ന് പോകില്ലെങ്കിലും പഴയ പോലെ ഫ്രണ്ട്‌ലി ആകാൻ ഇനി തനിക്ക് സാധിക്കില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എൻ്റെ സിനിമാജീവിതത്തിൽ ഇങ്ങനെ ഒരു അവസ്ഥ വന്നിട്ടില്ല, ഇനി ഉണ്ടാകാനും പോകുന്നില്ല. ഞാൻ ഇപ്പോഴും ഇത് തമാശയായാണ് കാണുന്നത്. ഇത് മാർക്കറ്റിംഗ് അല്ല, വ്യക്തിഹത്യയായാണ് തോന്നുന്നത്.
ഈ സിനിമയിൽ സൗഹൃദം ആണ് എല്ലാം എന്ന് പറഞ്ഞ് വന്നയാളാണ് ബാല. മനസുകൊണ്ട് ബാലയോട് ദേഷ്യമില്ല. എന്റെ സൗഹൃദം അങ്ങനെ പെട്ടെന്ന് പോകുകയും ചെയില്ല. എന്നാൽ പഴയപോലെ ഫ്രണ്ട്‌ലി ആകാൻ പറ്റില്ല. ഇതൊക്കെ കേട്ടിട്ട് ഒരു ദിവസമെങ്കിൽ ഒരു ദിവസം എൻ്റെ അമ്മ കരഞ്ഞിട്ടുണ്ട്.എന്നെ സിനിമാ മേഖലയില്‍ നിന്ന് ഒരുപാട് പേര്‍ വിളിച്ചിരുന്നു. നിനക്ക് ഇങ്ങനെ തന്നെ വേണമെന്ന് പറഞ്ഞു. നിന്നോട് നൂറ് തവണ പറഞ്ഞിട്ടും കേട്ടില്ലല്ലോ എന്നാണ് പറഞ്ഞത്. ബാലയ്ക്ക് ഇനിയും നല്ല സിനിമകൾ ചെയ്യാൻ സാധിക്കട്ടെ. ഉണ്ണി മുകുന്ദൻ പറഞ്ഞു.