രേണുക വേണു|
Last Modified വ്യാഴം, 26 ഓഗസ്റ്റ് 2021 (15:20 IST)
മലയാള സിനിമയിലെ രണ്ട് മികച്ച നടന്‍മാരാണ് തിലകനും നെടുമുടി വേണുവും. സൂപ്പര്‍ താരങ്ങളുടെ അച്ഛന്‍ കഥാപാത്രങ്ങളില്‍ വിസ്മയിപ്പിച്ച താരങ്ങളാണ് ഇരുവരും. എന്നാല്‍, തിലകനും നെടുമുടി വേണുവും തമ്മിലുള്ള പിണക്കവും ഏറ്റുമുട്ടലും മലയാള സിനിമാലോകം ഞെട്ടലോടെ കണ്ടിട്ടുണ്ട്. മലയാള സിനിമയില്‍ തന്റെ അവസരങ്ങള്‍ തട്ടിയെടുക്കാന്‍ നെടുമുടി വേണു ശ്രമിച്ചിട്ടുണ്ടെന്ന തരത്തില്‍ പ്രത്യക്ഷത്തിലും പരോക്ഷമായും തിലകന്‍ ആരോപണമുന്നയിച്ചിട്ടുണ്ട്.
തിരുവനന്തപുരം നായര്‍ ലോബിയുടെ ആളാണ് നെടുമുടി വേണുവെന്ന് തിലകന്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. പിന്നീട് തനിക്കെതിരായ തിലകന്റെ നായര്‍ ലോബി പരാമര്‍ശം ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും മറ്റുള്ളവര്‍ പറയുന്നത് കേട്ടാണ് തിലകന്‍ ഇങ്ങനെയെല്ലാം പ്രതികരിക്കുന്നത് എന്നും അക്കാലത്തെ ഒരു അഭിമുഖത്തില്‍ നെടുമുടി വേണുവും പറഞ്ഞിട്ടുണ്ട്. തനിക്ക് പ്രായമായെന്ന് നെടുമുടി വേണു പറഞ്ഞു നടന്നിരുന്നു എന്നാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തിലകന്‍ പറഞ്ഞിട്ടുള്ളത്. നെടുമുടി വേണു പറഞ്ഞതിന്റെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ തനിക്ക് വട്ടാണെന്നും അതില്‍ പരോക്ഷമായി ഉന്നയിക്കുന്നതായി തിലകന്‍ പറഞ്ഞിരുന്നു. സ്ഫടികത്തിലെ ചാക്കോ മാഷിന്റെ വേഷം നെടുമുടി വേണുവിന് നല്‍കണമെന്ന് സംവിധായകന്‍ ഭദ്രനോട് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ടെന്നും തിലകന്‍ ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ചാക്കോ മാഷ് എന്ന കഥാപാത്രം തിലകനാണ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ അത് നെടുമുടി വേണുവിന് കൊടുക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തിലകന്‍ അത് ചെയ്യുന്നില്ലെങ്കില്‍ സിനിമ തന്നെ ഉപേക്ഷിക്കുമെന്നും നെടുമുടി വേണുവിന് മറ്റൊരു നല്ല കഥാപാത്രം നല്‍കിയിട്ടുണ്ടെന്നും ഭദ്രന്‍ മോഹന്‍ലാലിനോട് പറയുകയായിരുന്നെന്ന് തിലകന്‍ ആരോപിച്ചിരുന്നു.
'മറ്റുള്ളവര്‍ പറയുന്നത് തിലകന്‍ ചേട്ടന്‍ കേള്‍ക്കുമെന്നാണ് നെടുമുടി വേണു ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അങ്ങനെ നെടുമുടി വേണു പറയാന്‍ കാരണമായ ഒരു സംഭവം ഞാന്‍ പറയാം. ട്രിവാന്‍ഡ്രം ക്ലബില്‍ തിരുവനന്തപുരം ബെല്‍റ്റ് എന്നൊരു സാധനമുണ്ട്. അവരൊക്കെ കൂടി തിലകനെ അവാര്‍ഡില്‍ നിന്ന് പുറത്താക്കണം എന്നൊരു തീരുമാനമെടുത്തു. തിരുവനന്തപുരം നായര്‍ ഗ്രൂപ്പാണത്. തിലകനെ അവാര്‍ഡില്‍ നിന്ന് പുറത്താക്കണമെങ്കില്‍ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് ആ ഗ്രൂപ്പിനുള്ളില്‍ അഭിപ്രായമുയര്‍ന്നു. എന്റെ വീട്ടില്‍ 11 സംസ്ഥാന അവാര്‍ഡും ഒരു ദേശീയ അവാര്‍ഡും ഇരിപ്പുണ്ട്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കിട്ടിയ അവാര്‍ഡുകളുണ്ട്. അവാര്‍ഡ് കുത്തകയാക്കുകയാണ് ഞാനെന്ന് അവര്‍ പറഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം എനിക്കൊരു ഫോണ്‍ കോള്‍ വന്നു. ഞാനൊരു നായരാണ്, പക്ഷേ തിരുവനന്തപുരത്ത് നിന്നല്ല എന്നു പറഞ്ഞാണ് ഒരാള്‍ വിളിച്ചത്. ഞാനൊരു നായരാണ്, തിരുവനന്തപുരംകാരനല്ല...എന്റെ പേര് പുറത്ത് പറയരുത് എന്നും പറഞ്ഞാണ് അയാള്‍ സംസാരിച്ചത്. നിങ്ങളെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ആലോചന നടക്കുകയാണ്. അതിനായി ഒരു കമ്മിറ്റിയുണ്ട്. ഞാനും ആ കമ്മിറ്റിയിലുണ്ട് എന്നെല്ലാം അയാള്‍ ഫോണിലൂടെ പറഞ്ഞു. ആ ഗ്രൂപ്പില്‍ ഉള്ള ആളാണെങ്കില്‍ നിങ്ങളെന്തിനാണ് ഇത് എന്നെ വിളിച്ച് പറയുന്നതെന്ന് ഞാന്‍ ചോദിച്ചു. നിങ്ങളോടുള്ള സ്‌നേഹം കൊണ്ടാണ്..ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു എന്നെല്ലാം അയാള്‍ പറഞ്ഞു. 2004 ല്‍ അമ്മയുടെ മീറ്റിങ്ങില്‍ ഡയസില്‍ കയറി ഞാന്‍ ഇക്കാര്യം സംസാരിച്ചു. അന്ന് നെടുമുടി വേണു ആരാണ് ഇതൊക്കെ പറഞ്ഞതെന്ന് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, എം.ജി.രാധാകൃഷ്ണനാണ് ഫോണില്‍ വിളിച്ച് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന്. 'അയ്യേ, അങ്ങേര് പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ?' എന്നാണ് അന്ന് നെടുമുടി വേണു എന്നോട് ചോദിച്ചത്,' തിലകന്‍ പറഞ്ഞു.