പ്രഗ്നന്‍സി തുടക്കം മുതല്‍ ഡെലിവറി വരെ വീഡിയോയില്‍,ഒരു ക്ലിപ്പ് പോലും എവിടെയും കൊടുക്കില്ല, ശ്വേത മേനോന്‍ പറയുന്നു
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2023 (09:11 IST)
ശ്വേതാ മേനോന്‍ എന്ന നടിയുടെ കയറില്‍ തന്നെ ഏറെ ചര്‍ച്ചയായ സിനിമയാണ് കളിമണ്ണ്. സിനിമയ്ക്ക് വേണ്ടി സ്വന്തം പ്രസവം ചിത്രീകരിച്ച നടിക്കെതിരെ അക്കാലത്ത് വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ സിനിമയെക്കുറിച്ച് വീണ്ടും നടി സംസാരിച്ചു.
ഗര്‍ഭിണിയായ ശേഷം ആദ്യം താന്‍ വിളിച്ചത് സംവിധായകന്‍ ബ്ലെസ്സിയെ ആണെന്ന് ശ്വേത പറയുന്നു.
''പ്രഗ്നന്റായ ശേഷം ഞാന്‍ ആദ്യം വിളിച്ചത് ബ്ലസിയേട്ടനെയാണ്. ആണോ, എന്നാല്‍ എനിക്ക് കഥ എഴുതണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്ത് ഷൂട്ട് ചെയ്താലും അതിന്റെ ഹാര്‍ഡ് ഡിസ്‌ക്ക് എന്റെയും ശ്രീയുടെയും കൈയ്യിലായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. ഒരു ക്ലിപ്പ് പോലും എവിടെയും കൊടുക്കില്ല.മോള്‍ക്ക് 14 വയസാവുമ്പോള്‍ ഒരു ഗിഫ്റ്റായി ഇത് ഞാന്‍ കൊടുക്കും. അതാണ് എന്റെയൊരു ആശയം. അവള്‍ എങ്ങനെയാണ് ഈ ലോകത്തേക്ക് വന്നതെന്ന് അവള്‍ അറിയണം. എന്റെ പ്രഗ്നന്‍സി തുടക്കം മുതല്‍ ഡെലിവറി വരെ വീഡിയോയില്‍ ചെയ്യാന്‍ പറ്റി. ഞാന്‍ മരിച്ചുപോയാലും ആളുകള്‍ ഇത് കാണണമെന്ന് എനിക്കുണ്ടായിരുന്നു'',-ശ്വേത മേനോന്‍ പറഞ്ഞു.
അനശ്വരം എന്ന സിനിമയിലൂടെയാണ് ശ്വേത സിനിമ ലോകത്തേക്ക് എത്തുന്നത്. മമ്മൂട്ടി ആയിരുന്നു നായകന്‍. പിന്നീട് മോഡലിംഗ് രംഗത്ത് സജീവമായി മാറി.
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തില്‍ ശ്വേതയും അഭിനയിക്കുന്നുണ്ട്. മീരാ ജാസ്മിന്‍ ആണ് നായിക.