നിഹാരിക കെ എസ്|
Last Modified ബുധന്‍, 6 നവംബര്‍ 2024 (13:35 IST)
എൽ.സി.യുവിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോളക്സ് സ്റ്റാൻഡ് എലോൺ ചിത്രം. കമൽഹാസനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത വിക്രത്തിലെ വില്ലനാണ് റോളക്സ്. അവസാന 15 മിനിറ്റ് മാത്രമാണ് റോളക്സ് പ്രത്യക്ഷപ്പെടുന്നത്. പ്രതീക്ഷിക്കാത്ത വില്ലൻ റോൾ ചെയ്തത് സൂര്യ ആയിരുന്നു. കൊടൂര വില്ലനാണ് റോളക്സ്. ഈ കഥാപാത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇതോടെ, ലോകേഷ് റോളക്സ് സ്റ്റാൻഡ് എലോൺ ചിത്രം പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴിതാ റോളക്സിനെ കുറിച്ചും ആ കഥാപാത്ര രൂപീകരണത്തെ കുറിച്ചും പ്രതികരിക്കുകയാണ് സൂര്യ. റോളക്സിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആ കഥാപാത്രത്തിന്റെ പോസിറ്റീവുകള്‍ കാണിക്കുമോ എന്ന ചോദ്യത്തോട് റോളക്സ് എന്നത് നെഗറ്റീവ് കഥാപാത്രമാണെന്ന് സൂര്യ പറയുന്നു. മോശം കഥാപാത്രമായ റോളക്സിൽ നന്മയുണ്ടായാല്‍ പ്രേക്ഷകര്‍ അയാളെ ആരാധിക്കുമെന്നും അതുകൊണ്ട് തന്നെ ലോകേഷ് ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്ന് സൂര്യ പ്രതികരിച്ചു.
റോളക്സിന്റെ സ്റ്റാന്‍ഡ് എലോണ്‍ ചിത്രം ആ കഥാപാത്രത്തിന്റെ വില്ലനിസം കാണിക്കുന്ന ചിത്രമാകും. ഒരിക്കലും ആ കഥാപാത്രത്തിന്റെ പോസിറ്റീവ് കാര്യങ്ങള്‍ ലോകേഷ് കാണിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, യാതൊരു തരത്തിലും പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നേണ്ട കഥാപാത്രമല്ല അത്. അയാളുടെ ചെയ്തികള്‍ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതുമല്ല. അങ്ങനെ കാണിച്ചാല്‍ ആ കഥാപാത്രത്തോടും സമൂഹത്തോടും ചെയ്യുന്ന നീതികേടാകും. അയാളെ ന്യായീകരിക്കുന്നതായി കാണിച്ചാല്‍ പ്രേക്ഷകര്‍ ആ കഥാപാത്രത്തെ ആരാധിക്കാന്‍ ചാന്‍സുണ്ട്. സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അത് വളരെ അപകടകരമാണ്, സൂര്യ പറഞ്ഞു.