രേണുക വേണു|
Last Modified വ്യാഴം, 30 ജൂണ്‍ 2022 (09:44 IST)
മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നായ രാജമാണിക്യം റിലീസ് ചെയ്തിട്ട് 16 വര്‍ഷം പിന്നിട്ടു. തിയറ്ററുകളില്‍
മമ്മൂട്ടിയുടെ ബെല്ലാരി രാജ തീര്‍ത്ത ഓളം ചെറുതല്ല. അക്കാലത്ത് മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സിനിമ കൂടിയായിരുന്നു രാജമാണിക്യം. സിനിമയില്‍ മമ്മൂട്ടിയുടെ തിരുവനന്തപുരം സ്ലാങ് ഏറെ ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരം ഭാഷ പഠിപ്പിക്കാന്‍ മമ്മൂട്ടിയെ അന്ന് സഹായിച്ചത് സുരാജ് വെഞ്ഞാറമൂട് ആണ്. സുരാജ് അക്കാലത്ത് സിനിമയില്‍ സജീവമല്ല. സ്റ്റജ് ഷോകളിലൂടെയാണ് സുരാജ് ജീവിതം തള്ളി നീക്കിയിരുന്നത്. ആ സമയത്താണ് രാജമാണിക്യത്തില്‍ മമ്മൂട്ടിയെ സഹായിക്കാന്‍ സുരാജിന് ക്ഷണം ലഭിക്കുന്നത്.
തിരുവനന്തപുരം ഭാഷ സംസാരിക്കാന്‍ മമ്മൂട്ടിയെ സഹായിക്കുകയെന്ന ചുമതല മാത്രമല്ല രാജമാണിക്യത്തില്‍ ഒരു സീനിലും സുരാജ് അഭിനയിച്ചിട്ടുണ്ടത്രേ ! എന്നാല്‍, ആ സീന്‍ പിന്നീട് സിനിമയില്‍ നിന്ന് ഒഴിവാക്കി. ഇതേകുറിച്ച് കൈരളി ടിവി നല്കിയ അഭിമുഖത്തില്‍ സുരാജ് മനസുതുറന്നിട്ടുണ്ട്.
'രാജമാണിക്യത്തില്‍ ഒരു സീനില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചെങ്കിലും എന്റെ സീന്‍ പുറത്തുവന്നില്ല. അത് ഞാന്‍ തന്നെ എഴുതിയ സീനായിരുന്നു. എനിക്ക് അത് മനപാഠമായിരുന്നു. പക്ഷേ സിനിമയുടെ ക്യാമറയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയുമെല്ലാം കണ്ട് എനിക്ക് അത് പെട്ടെന്ന് ചെയ്യാന്‍ കഴിഞ്ഞില്ല, ശരിക്കുംപറഞ്ഞാ അന്ന് ഏട്ടോ പത്തോ ടേക്കുകള്‍ എടുത്തിരുന്നു. ഇതെല്ലാം കണ്ട് അവിടെയുളള ആരോ പറഞ്ഞു 'എന്റെ സുരാജേ നീയല്ലേ ഇത് എഴുതിക്കൊണ്ടു വന്നേ..ഇത് നിനക്ക് പോലും പറയാന്‍ പറ്റുന്നില്ലേ, എന്ന്. എനിക്ക് ആ സമയം കിളിപോയ അവസ്ഥയായിരുന്നു. എന്നാലും കുറെ ടേക്കുകള്‍ക്ക് ശേഷം ഒടുവില്‍ ആ രംഗം ശരിയായി. പക്ഷേ സ്റ്റുഡിയോയില്‍ വെച്ച് അന്‍വര്‍ എന്നോട് പറഞ്ഞു; മച്ചാ ആ സീന്‍ സിനിമയില്‍ നിന്നും കളയുകയാണ്. നിനക്ക് ഞാന്‍ അടുത്ത ചിത്രത്തില്‍ നല്ലൊരു വേഷം തരാം എന്ന്. ആ സമയം സിനിമയില്‍ എന്നെ കണ്ടില്ലെങ്കില്‍ സുഹൃത്തുക്കളെല്ലാം എന്ത് പറയുമെന്ന ചിന്തയായിരുന്നു എന്റെ മനസ്സില്‍. പിന്നാലെ ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ സപെഷ്യല്‍ താങ്ക്സ് ടു സുരാജ് വെഞ്ഞാറമൂട് എന്ന് എഴുതികാണിച്ചിരുന്നു. തുടര്‍ന്ന് ആദ്യത്തെ ഷോ കഴിഞ്ഞ് മുഴുവന്‍ ആള്‍ക്കാരും എന്റെ ഫോണിലേക്കായിരുന്നു വിളിച്ചത്,' സുരാജ് പറഞ്ഞു.