എത്ര പേര്‍ മാറാരോഗികള്‍ ആകും ? ബ്രഹ്‌മപുരത്ത് രാഷ്ട്രീയം മറന്ന് ഒന്നായി പരിഹാരം ഉണ്ടാക്കണമെന്ന് നടി സുരഭി ലക്ഷ്മി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 മാര്‍ച്ച് 2023 (09:08 IST)
സിനിമയ്ക്കായി കൊച്ചിയിലേക്ക് താമസം മാറിയ നടിയാണ് സുരഭി ലക്ഷ്മി. അന്ന് തനിക്ക് സുരക്ഷിതത്വം തോന്നിയിരുന്നു എന്നും എന്നാല്‍ ഇന്ന് സുഹൃത്തുക്കള്‍ അടക്കമുള്ളവര്‍ കൊച്ചിയില്‍ നിന്ന് മാറുന്ന കാഴ്ചയാണ് കാണുന്നതെന്നും നടി വിഷമത്തോടെ പറയുന്നു. ബ്രഹ്‌മപുരം വിഷയത്തില്‍പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും സ്വയം വെള്ളപൂശുന്നവര്‍ എല്ലാം കഴിഞ്ഞ് ഇക്കാര്യത്തില്‍ തങ്ങളുടെ ഉത്തരവാദിത്വം നടപ്പാക്കുമ്പോള്‍ എത്ര പേര്‍ മാറാരോഗികളാകും എന്നാണ് സുരഭി ചോദിക്കുന്നത്.രാഷ്ട്രീയം മറന്ന് ഒന്നായി ഇക്കാര്യത്തില്‍ എല്ലാവരും ഇടപെട്ട് പരിഹാരം ഉണ്ടാക്കണം. ജീവനാണ് വലുത് എന്നത് ദയവായി മനസ്സിലാക്കണമെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു.

സുരഭി ലക്ഷ്മിയുടെ വാക്കുകളിലേക്ക്

ഏറെ വിഷമത്തോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. സിനിമയ്ക്കായി കൊച്ചിയിലേക്ക് കൂടുമാറി ചേക്കേറുമ്പോഴും ഒരു സുരക്ഷിതത്വം എന്നും തോന്നിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കൂടാനും ജോലി ചെയ്യാനും എല്ലാത്തിനും ഒരിടം. ഇന്ന് പ്രിയപ്പെട്ടവരെല്ലാം കൊച്ചിയില്‍ നിന്ന് രായ്ക്കുരാമാനം പറന്നകലുന്നു. ബ്രഹ്‌മപുരത്തെ മാലിന്യപ്ലാന്റിലെ വിഷപ്പുക ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഞെട്ടിക്കുന്നതാണ്. അത് ഏറെ ബാധിക്കുന്നത് വൃദ്ധരെയും ഗര്‍ഭിണികളെയും കുഞ്ഞുമക്കളെയും. തുറമുഖവും, മെട്രോയുമൊക്കെ കൊച്ചിയിലുണ്ടെന്ന് വീമ്പു പറഞ്ഞിരിക്കുമ്പോ കൊതുക് കയ്യിലെ ചോരയൂറ്റിയിരുന്നു. ഇപ്പോഴിതാ കൊടുംവിഷം ശ്വസിക്കേണ്ട ഗതികേടും.

യുദ്ധവും കലാപവും മനുഷ്യരെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത് ചെയ്യുന്നത് ജീവിതത്തിലും സിനിമയിലുമൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ മാലിന്യപ്പുക ഉയരുന്ന സാഹചര്യത്തില്‍ ഓടിപ്പോകേണ്ടി വരുന്നത് തീര്‍ത്തും ഗത്യന്തരമില്ലാതെ തന്നെയാണ്. കോവിഡാനന്തര കാലത്ത് ശ്വാസകോശത്തിന്റെ ആരോഗ്യം എത്ര മാത്രം പ്രധാനപ്പെട്ടതാണ് എന്ന് ഞാന്‍ ഇവിടെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എത്ര പേരെ മരണം കൊണ്ടുപോയി.. എത്ര പേര്‍ മരണം മുഖാമുഖം കണ്ട് തത്കാല ജാമ്യത്തില്‍ ജീവിതത്തിലേക്ക് തിരികെ വന്നു.. ശ്വാസകോശത്തിന് താങ്ങാനാകാത്തത് കൊണ്ട് ഇനിയൊരു കോവിഡ് വരാതെ നോക്കാന്‍ ഡോക്ടര്‍ താക്കീത് തന്നവര്‍ എത്ര..

സര്‍ക്കാരിന്റെ ഫയര്‍ ഫോഴ്‌സിലെ, പോലീസ് വിഭാഗത്തിലെ എത്രയും പ്രിയപ്പെട്ട സഹോദരങ്ങള്‍, സന്നദ്ധസേവകര്‍ ജീവന്‍ പണയപ്പെടുത്തി തീ കെടുത്താന്‍ ശ്രമിക്കുന്നത് നമ്മള്‍ കാണുന്നുമുണ്ട്. മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന പ്ലാന്റ് ഇത്രയും ഉദാസീനമായി കൈകാര്യം ചെയ്യാന്‍ എങ്ങനെ കഴിഞ്ഞു എന്നതാണ് അദ്ഭുതപെടുത്തുന്നത്. ഇക്കാര്യത്തില്‍ ഭരണകൂടത്തിന്റെ വ്യക്തമായ നിലപാട് എന്താണെന്ന് അറിയില്ല. കേരളം ഇതും അതിജീവിക്കും എന്നതില്‍ സംശയം ഒന്നുമില്ല പക്ഷേ പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും സ്വയം വെള്ളപൂശുന്നവര്‍ എല്ലാം കഴിഞ്ഞ് ഇക്കാര്യത്തില്‍ തങ്ങളുടെ ഉത്തരവാദിത്വം നടപ്പാക്കുമ്പോള്‍ എത്ര പേര്‍ മാറാരോഗികളാകും? രാഷ്ട്രീയം മറന്ന് ഒന്നായി ഇക്കാര്യത്തില്‍ എല്ലാവരും ഇടപെട്ട് പരിഹാരം ഉണ്ടാക്കണം. ജീവനാണ് വലുത് എന്നത് ദയവായി മനസ്സിലാക്കണം. ഞാനുള്‍പ്പെടെ എല്ലാവരും സുരക്ഷിതരായി ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :