രേണുക വേണു|
Last Modified ബുധന്‍, 16 ജൂണ്‍ 2021 (09:46 IST)
നടന്‍ സുകുമാരന്‍ അന്തരിച്ചിട്ട് ഇന്നേക്ക് 24 വര്‍ഷം. അച്ഛന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ വേദനയോടെ മകന്‍ പൃഥ്വിരാജ്. 'അച്ഛന്‍' സുകുമാരന്റെ ചിത്രം പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചു. 1997 ജൂണ്‍ 16 നാണ് സുകുമാരന്‍ അന്തരിച്ചത്.
മലയാള സിനിമയില്‍ നിരവധി അവിസ്മരണീയ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ അതുല്യ നടനാണ് സുകുമാരന്‍. 1945 മാര്‍ച്ച് 18 നാണ് സുകുമാരന്റെ ജനനം. കോളേജ് അധ്യാപകനായാണ് സുകുമാരന്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു.
എം.ടി.വാസുദേവന്‍ നായരുടെ നിര്‍മാല്യത്തില്‍ അവസരം ലഭിച്ചപ്പോള്‍ സുകുമാരന്‍ രണ്ടാമതൊന്ന് ചിന്തിച്ചില്ല. നിര്‍മാല്യത്തിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ സിനിമയില്‍ കാര്യമായ അവസരം ലഭിച്ചില്ല. വീണ്ടും അധ്യാപന രംഗത്ത് തന്നെ ശ്രദ്ധ ചെലുത്താമെന്ന് സുകുമാരന്‍ ആ സമയത്ത് കരുതിയിരുന്നു. എന്നാല്‍, 1977 ല്‍ ശംഖുപുഷ്പം എന്ന ചിത്രത്തില്‍ സുകുമാരന് മികച്ച വേഷം ലഭിച്ചു. പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ സജീവ സാന്നിധ്യമാകുകയായിരുന്നു അദ്ദേഹം.
ഗാന്ധര്‍വം, കഴുകന്‍, ശാലിനി എന്റെ കൂട്ടുകാരി, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, കോളിളക്കം, പൊന്നും പൂവും, സന്ദര്‍ഭം, ഇരകള്‍, ആവനാഴി, പടയണി, മൂന്നാം മുറ, ഒരു സിബിഐ ഡയറിക്കുറിപ്പ്, സര്‍വകലാശാല, അധിപന്‍, ജാഗ്രത, ഉത്തരം, പിന്‍ഗാമി തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ പകര്‍ന്നാടി.