കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (09:09 IST)
വൈശാഖ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2013-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വിശുദ്ധന്‍. കുഞ്ചാക്കോ ബോബന്‍, മിയ ജോര്‍ജ്ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ പരാജയമായി മാറി. പോക്കിരിരാജ, സീനിയേഴ്‌സ്, പുലിമുരുകന്‍, മധുരരാജ തുടങ്ങി ടര്‍ബോ വരെ എത്തിനില്‍ക്കുന്ന കരിയറിനിടയില്‍ ഉയര്‍ച്ച താഴ്ചകള്‍ ഏറെ ഉണ്ടായിട്ടുണ്ട് സംവിധായകന്. എന്നാല്‍ വിശുദ്ധന്‍ സിനിമയുടെ ബോക്‌സ് ഓഫീസ് പരാജയ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് വൈശാഖ്.
തൊടുപുഴയിലും സമീപ സ്ഥലങ്ങളിലുമാണ് വിശുദ്ധന്‍ ചിത്രീകരിച്ചത്. സിനിമയുടെ രണ്ടാം പകുതി ഇഷ്ടമാകാത്തതിന്റെ കാരണം താന്‍ തന്നെയാണെന്നും ചിത്രത്തിന്റെ ആദ്യ ഡ്രാഫ്റ്റ് മറ്റൊന്നായിരുന്നു എന്നും സംവിധായകന്‍ വെളിപ്പെടുത്തി.
'പ്രേക്ഷകര്‍ക്ക് അതിന്റെ സെക്കന്‍ഡ് ഹാഫ് ഇഷ്ടപ്പെടാത്തതിന്റെ പ്രധാന കാരണം ഞാന്‍ തന്നെയാണ്. അതിന്റെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ വിശുദ്ധന്റെ ആദ്യത്തെ ഡ്രാഫ്റ്റ് മറ്റൊന്നായിരുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പൊക്കെ ആയപ്പോഴേക്കും എല്ലാവരും എന്നെ പേടിപ്പിച്ചു തുടങ്ങി. നിങ്ങളില്‍ നിന്ന് ഇങ്ങനെയുള്ള സിനിമയല്ല പ്രതീക്ഷിക്കുന്നത്, നിങ്ങള്‍ ആക്ഷന്‍ ഒന്നുമില്ലാതെ ഇങ്ങനെയുള്ള സിനിമ ചെയ്താല്‍ ആര് കയറാനാണ് എന്നൊക്കെ കുറെ പേര്‍ ചോദിച്ചു.
അത് കേട്ടപ്പോള്‍ എനിക്ക് ശരിക്കും പേടിയായി. ഞാന്‍ അതോടെ കഥയില്‍ കുറച്ചു വെള്ളം ചേര്‍ത്തു. രണ്ടാം പകുതിയില്‍ കുറച്ച് വെള്ളം ചേര്‍ത്തു. അതില്‍ എനിക്ക് വളരെ പശ്ചാത്താപം ഉണ്ടിപ്പോള്‍',- വൈശാഖ് പറഞ്ഞു.