'ഡ്രൈവ് ചെയ്യുന്നതിനിടെ മമ്മൂട്ടി ഉറങ്ങിപ്പോയി, ഒഴിവായത് വന്‍ അപകടം'

രേണുക വേണു| Last Updated: ശനി, 5 ജൂണ്‍ 2021 (09:23 IST)

താനും മമ്മൂട്ടിയും ഒരുമിച്ച് കാറില്‍ യാത്ര ചെയ്യുന്നതിനിടെ വന്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച കാര്യമാണ് എസ്.എന്‍.സ്വാമി ഇപ്പോള്‍ ഞെട്ടലോടെ വിവരിക്കുന്നത്.

ചെന്നൈയില്‍ നിന്നു കാറില്‍ എറണാകുളത്തേക്ക് മടങ്ങുകയാണ് മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും എസ്.എന്‍.സ്വാമിയും. മമ്മൂട്ടിയാണ് ഡ്രൈവ് ചെയ്യുന്നത്. കാറിന്റെ വേഗം കൂടുന്നതിനൊപ്പം സ്വാമി ഉറക്കത്തിലേക്ക് വഴുതിവീണു. ഇടയ്ക്ക് ഞെട്ടി എഴുന്നേറ്റു. നോക്കുമ്പോള്‍ മമ്മൂട്ടിയുടെ കണ്ണിലും ഉറക്കം തൊടുന്നു. സ്വാമി വിളിച്ചപ്പോള്‍ ആണ് മമ്മൂട്ടി പെട്ടന്ന് ഉറക്കത്തില്‍ നിന്നു ഞെട്ടിയെഴുന്നേറ്റത്. ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസമായിരുന്നു മമ്മൂട്ടിയുടെ കണ്ണുകളില്‍. 'അല്‍പം കൂടി വൈകിയിരുന്നെങ്കില്‍! ഭാഗ്യം..വലിയൊരു അപകടമാണ് ഒഴിവായത്,' എന്ന് മമ്മൂട്ടി തന്നോട് പറഞ്ഞെന്നും എസ്.എന്‍.സ്വാമി ഓര്‍ക്കുന്നു. വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് എസ്.എന്‍.സ്വാമി ഇക്കാര്യം പറഞ്ഞത്.

അതേസമയം, എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്തിനായുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി. ലോക്ക്ഡൗണും കോവിഡ് പ്രതിസന്ധിയും തീര്‍ന്നാല്‍ സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 1988 ലാണ് സിബിഐ സീരിസിലെ ആദ്യ ഭാഗമായ ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസ് ചെയ്യുന്നത്. 1989 ല്‍ രണ്ടാം ഭാഗം ജാഗ്രതയും തിയറ്ററുകളിലെത്തി. 15 വര്‍ഷത്തിനുശേഷം 2004 ലാണ് സേതുരാമയ്യര്‍ സിബിഐ റിലീസ് ചെയ്യുന്നത്. 2005 ല്‍ നാലാം ഭാഗമായ നേരറിയാന്‍ സിബിഐയും എത്തി. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഞ്ചാം ഭാഗത്തിനായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നത് !




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :