രേണുക വേണു|
Last Modified വ്യാഴം, 3 ഒക്‌ടോബര്‍ 2024 (19:59 IST)
Parvathy Thiruvothu and Shine Tom Chacko
സിനിമാ മേഖലയില്‍ തുല്യവേതനം വേണമെന്ന പാര്‍വതി തിരുവോത്ത് അടക്കമുള്ള നടിമാരുടെ ആവശ്യത്തോട് തനിക്ക് യോജിക്കാനാകില്ലെന്ന് ഷൈന്‍ ടോം ചാക്കോ. ഓരോരുത്തരുടെ മാര്‍ക്കറ്റ് വാല്യൂ അനുസരിച്ചാണ് എല്ലാവര്‍ക്കും വേതനം നല്‍കുന്നതെന്നും താരം ചൂണ്ടിക്കാട്ടി. പാര്‍വതിയ്ക്ക് കിട്ടുന്ന വേതനമല്ല, മറ്റ് പല നടിമാര്‍ക്കും കിട്ടുന്നതെന്നിരിക്കെ അവര്‍ എന്തിനാണ് തുല്യവേതനത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ഷൈന്‍ പറഞ്ഞു.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആകുമ്പോള്‍ അതേ ശമ്പളം തന്നെ മന്ത്രിമാര്‍ക്ക് കിട്ടണമെന്ന് പറയാന്‍ സാധിക്കുമോ എന്ന് പരിഹാസരൂപേണ ചോദിച്ച അദ്ദേഹം, ഓരോരുത്തരുടെയും ജോലിക്ക് അനുസരിച്ചാണ് വേ?തനം കൊടുക്കുന്നത് എന്നും വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ആ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും അത് കണ്ടവരോടും പോയി ചോദിക്കണമെന്നായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ മറുപടി.
ആരുടെയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങാനല്ല താന്‍ ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നതെന്നും സത്യം പറഞ്ഞാല്‍ കിളി പോയവന്‍ ആക്കുന്നത് എല്ലാവരുടെയും സ്വഭാവം ആണെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ ചൂണ്ടിക്കാട്ടി. മമ്മൂക്കയുള്ള ലൊക്കേഷനില്‍ മാത്രമല്ല, എല്ലാ ലൊക്കേഷനുകളിലും അച്ചടക്കത്തോടെ തന്നെയാണ് ഇരിക്കുന്നതെന്നും ഷൈന്‍ പറഞ്ഞു. പതിമൂന്നാം രാത്രി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ?ഗമായി നടന്ന അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
''ചോദ്യം ചോദിക്കുന്നത് കട്ട് ചെയ്ത് നമ്മുടെ പ്രതികരണം മാത്രമിട്ടാണ് ചില ഓണ്‍ലൈന്‍ ചാനലുകള്‍ ഇന്റര്‍വ്യൂകള്‍ പ്രചരിപ്പിക്കുന്നത്. എന്തെങ്കിലും പറഞ്ഞാല്‍ അത് മണ്ടത്തരമായാണ് കാണുന്നത്. സിനിമകളുടെ പ്രമോഷന് വരുമ്പോള്‍ സിനിമയെ കുറിച്ച് ആരും ചോദിക്കാറില്ല. മറ്റ് പല കാര്യങ്ങളാണ് ചോദിക്കുന്നത്. ഞാന്‍ പറയുന്നതൊക്കെ കിളി പോയത് പോലെയാണ് കാണിക്കുന്നത്', താരം പറഞ്ഞു.