അഭിറാം മനോഹർ|
Last Modified ഞായര്‍, 14 ജനുവരി 2024 (17:39 IST)
ഒരുക്കാലത്ത് മലയാള സിനിമയില്‍ ചര്‍ച്ചാവിഷയമായിരുന്ന പേരായിരുന്നു നടി ഷക്കീലയുടേത്. മലയാളത്തിലെ സോഫ്റ്റ് പോണ്‍ ചിത്രങ്ങളുടെ സ്വീകാര്യതയ്ക്ക് പിന്നിലെ പ്രധാനകാരണം ഷക്കീല ചിത്രങ്ങളുടെ വമ്പന്‍ വിജയങ്ങളായിരുന്നു. ആ കാലയളവില്‍ മികച്ച പ്രതിഫലമാണ് സിനിമയില്‍ നിന്നും ലഭിച്ചിരുന്നതെങ്കിലും സിനിമാ മേഖലയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഷക്കീല പറയുന്നു.
മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ഡയലോഗ് എന്താണെന്ന് പോലും തനിക്കറിയില്ലായിരുന്നുവെന്നും തിരക്കഥയുമായി യാതൊരു ബന്ധമില്ലാഠ സീനുകള്‍ പോലും ചെയ്യുവാന്‍ പറയുമായിരുന്നുവെന്നും ഷക്കീല പറയുന്നു. ഞാന്‍ അന്നത് ചെയ്യും. അതേ കോസ്റ്റ്യൂം തന്നെയായിരിക്കും.എന്നാല്‍ ആ രംഗങ്ങള്‍ രണ്ട് സിനിമകളിലൊക്കെയായിരിക്കും വരുന്നത്. എന്നെ അവര്‍ പറ്റിക്കുന്നുവെന്ന് മനസിലാക്കി തുടങ്ങിയപ്പോള്‍ അവരോടെല്ലാം ഞാന്‍ ചെന്നൈയിലേക്ക് വരാന്‍ പറഞ്ഞു. എഴുപതോളം ചെക്കുകള്‍ ബൗണ്‍സായിട്ടുണ്ട്. അതിന് ശേഷം പ്രതിഫലം പണമായിട്ടാണ് വാങ്ങിയിരുന്നത്.
സിനിമയുടെ തുടക്കകാലത്ത് ക്യാമറ ആംഗിളുകളെ പറ്റി ഒരു ഐഡിയയും ഇല്ലായിരുന്നു. പതിനഞ്ചോളം സിനിമകള്‍ ചെയ്തപ്പോഴാണ് അതിനെ പറ്റി ധാരണയുണ്ടായത്. അന്ന് ക്യാമറ ആംഗിളിനെ പറ്റി ധാരണയില്ലാതെ ചെയ്ത സിനിമയാണ് കിന്നാരത്തുമ്പികള്‍. നൂറ്റമ്പതോളം സിനിമകളില്‍ അഭിനയിച്ചെങ്കിലും തന്റെ കയ്യില്‍ സമ്പാദ്യമെന്ന് പറയാന്‍ ഒന്നുമില്ലെന്നും നല്ല വേഷങ്ങള്‍ പിന്നീട് ചെയ്‌തെങ്കിലും മലയാള സിനിമയ്ക്ക് ഇപ്പോഴും തന്നെ പേടിയാണെന്നും ഷക്കീല പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ സംസാരിക്കവെയാണ് ഷക്കീല ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.