കാലിന്മേല്‍ കാലും കയറ്റിവച്ചിരുന്ന് ഗമയില്‍ ഒരുത്തന്‍ സിഗരറ്റ് വലിക്കുന്നു ! ഞാന്‍ ചോദിച്ചു; 'ആരാണത്?' 'മമ്മൂട്ടി'

രേണുക വേണു| Last Modified ചൊവ്വ, 4 ജനുവരി 2022 (15:53 IST)

ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സീമയും. ഇരുവരും ഒന്നിച്ചുള്ള കെമിസ്ട്രിയും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. താന്‍ ആദ്യമായി മമ്മൂട്ടിയെ കണ്ട അനുഭവം പഴയൊരു അഭിമുഖത്തില്‍ സീമ പങ്കുവച്ചിട്ടുണ്ട്.

1981 ല്‍ ജനുവരി ഒന്നിനാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ കാണുന്നതെന്ന് സീമ പറയുന്നു. ഒരു സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു. കാലിന്മേല്‍ കാലും കയറ്റിവച്ചിരുന്ന് ഒരാള്‍ ഗമയില്‍ സിഗരറ്റ് വലിക്കുന്നു. അതാരാണെന്ന് സീമ ചോദിച്ചു. 'മമ്മൂട്ടി' എന്നായിരുന്നു മറുപടി. അന്ന് മമ്മൂട്ടിയുടെ അടുത്ത് പോയി താന്‍ പരിചയപ്പെട്ടതിനെ കുറിച്ചും സീമ പങ്കുവച്ചു.

'ഞാന്‍ മമ്മൂട്ടി ഇരിക്കുന്നിടത്തേക്ക് പോയി. ഹലോ, ഞാന്‍ സീമ. 'ഞാന്‍ മമ്മൂട്ടി' എന്നും പറഞ്ഞ് ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. പിന്നീട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം തൃഷ്ണയുടെ സെറ്റില്‍ നിന്ന് ശശിയേട്ടന്‍ (സീമയുടെ പങ്കാളിയും സംവിധായകനുമായ ശശി) എന്നെ വിളിച്ചു. തൃഷ്ണയിലേക്ക് നേരത്തെ തീരുമാനിച്ച നടന്‍ ശരിയായില്ലെന്നും പുതിയ നടനെ വച്ച് സിനിമ ചെയ്യുകയാണെന്നും ശശിയേട്ടന്‍ പറഞ്ഞു. നടന്റെ പേര് എന്താണെന്ന് ഞാന്‍ ചോദിച്ചു. 'മമ്മൂട്ടി' എന്ന് ശശിയേട്ടന്‍ പറഞ്ഞു. ശശിയേട്ടന്റെ തീരുമാനം നൂറ് ശതമാനം നല്ലതാണെന്നും മമ്മൂട്ടി കൊള്ളാമെന്നും ഞാന്‍ പറഞ്ഞു. ആ സൗഹൃദം ഇപ്പോഴും മമ്മൂക്കയുമായി ഉണ്ട്. മമ്മൂക്കയേക്കാള്‍ അടുപ്പം എനിക്ക് സുലുവുമായാണ് (സുല്‍ഫത്ത്, മമ്മൂട്ടിയുടെ ഭാര്യ),' സീമ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :