നിഹാരിക കെ എസ്|
Last Modified ബുധന്‍, 13 നവംബര്‍ 2024 (11:39 IST)
ശിവകാര്‍ത്തികേയന്റെ 'അമരൻ' തിയറ്ററിൽ വൻ വിജയമായി മുന്നേറുകയാണ്. വെറും രണ്ടാഴ്ച കൊണ്ട് ചിത്രം 100 കോടി നേടിയിരുന്നു. 300 കോടി ക്ലബ്ബിലേക്കുള്ള യാത്രയിലാണ് ചിത്രം. ഇതിനിടെ വിവാദമായി പ്രചാരണം. മുസ്ലീങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് വന്‍ പ്രതിഷേധമാണ് ചിത്രത്തിനെതിരെ ഉയരുന്നത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് സിനിമ നിര്‍മ്മിച്ചത്. ഇതോടെ കമല്‍ ഹാസന്റെ കോലം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ കത്തിച്ചു.
150 ഓളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചെന്നൈ ആല്‍വാര്‍പേട്ടിലെ രാജ് കമല്‍ ഓഫീസിന് മുന്നിലെത്തി ചിത്രത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ഓഫീസിന് സുരക്ഷ ശക്തമാക്കി. തമിഴ്നാട് സര്‍ക്കാര്‍ സിനിമയെ പിന്തുണയ്ക്കരുതെന്നും ഉടന്‍ നിരോധിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. കമല്‍ ഹാസന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു പ്രതിഷേധം നടന്നത്.
അമരന്‍ സിനിമ ജനങ്ങള്‍ക്കിടയില്‍ ന്യൂനപക്ഷ വിരുദ്ധ വികാരങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും എന്നാണ് എസ്ഡിപിഐ പറയുന്നത്. ഇത് ഒരു ബയോപിക് അല്ല. മറിച്ച് മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷം വിതയ്ക്കാനാണ് നിര്‍മ്മിച്ചതാണ്. നേരത്തെ കമല്‍ ഹാസന്‍ വിശ്വരൂപം എന്ന സിനിമ നിര്‍മ്മിച്ചിരുന്നു, അതില്‍ മുസ്ലീങ്ങളോടുള്ള വിദ്വേഷവും ഉണ്ടായിരുന്നുവെന്നും എസ്ഡിപിഐ സ്റ്റേറ്റ് സെക്രട്ടറി എസ്എ കരീം പറഞ്ഞു.